Monday, September 26, 2011

സ്വപ്നങ്ങളുടെ ചുമരിലെഴുതിയിടാൻ
ജാലകപ്പഴുതിലൂടെയൊളിപാർത്ത്
അന്യശോകങ്ങളെഴുതിവിൽക്കാൻ
ഭൂമിയൊരിക്കലും 
നിന്നോടാവശ്യപ്പെട്ടിരുന്നില്ലല്ലോ
എങ്കിലും നീയതു ചെയ്തു..
ഈറനണിഞ്ഞ പ്രഭാതങ്ങളെ
എഴുത്തുമഷിയിൽ മുക്കിതോർത്തി
ചായക്കൂട്ടിലൊഴുക്കി,
സ്വപ്നങ്ങളുടെ ചുമരുകളിൽ
കരിക്കോലങ്ങൾ വരച്ചു,
പിന്നെയോ പറഞ്ഞുതീരാത്ത
കഥപോലെയെഴുത്തുമഷിയിൽ
പാരിജാതങ്ങളെ പണയപ്പെടുത്തി..
ഋതുക്കൾ മാറിമാറിവരും നേരം
ജാലകപ്പഴുതിനരികിൽ
നീയൊളിച്ചു സൂക്ഷിച്ചു ഒരു മുഖം
സംവൽസരങ്ങളുടെ കറുത്തനിഴൽ..
ദർപ്പണത്തിലെ പ്രതിബിംബം...
അതോ നീയെന്നുചോദിക്കും 
മുൻപേ നീയോടിപ്പോയി
താഴ്വാരങ്ങൾക്ക് ചായം പൂശാൻ
പാരിജാതങ്ങൾക്ക് 
ചായം ആവശ്യമില്ലായിരുന്നു
താഴ്വാരങ്ങൾക്കാവശ്യത്തിലധികം
ചായം കൈയിലുമുണ്ടായിരുന്നു
അതിനാലാവാം
പിന്നീട് നീയെഴുതിയതൊക്കെ
അർദ്ധവിരാമങ്ങളായത്..
ജാലകപ്പഴുതിലെ ശോകമുറഞ്ഞുതീരാം
ഉണർന്നൊഴുകിയെന്നും വരാം
ചിലപ്പോളില്ലാതെയെന്നും വരാം
ഒരു പ്രഭാതം പോലെ
ഒരു ദിനാന്ത്യം പോലെ
ഒരു സന്ധ്യ പോലെ
വരും പോകും വീണ്ടും വരും..
മനസ്സിൽ  മിന്നും സ്വപ്നങ്ങൾക്ക്
ചുറ്റുവിളക്കുമായ് നക്ഷത്രങ്ങൾ 
കൂടെയുണ്ടെന്നറിഞ്ഞാലും..
അതിനാലിനിയും
ജാലകപ്പഴുതിലൂടെയൊളിപാർത്ത്
അന്യദൈന്യത്തിനടിക്കുറിപ്പെഴുതി
നീ വിഷമിക്കേണ്ടതില്ലെന്നറിയിക്കുന്നു...
സ്വപ്നങ്ങളുടെ ചുമരിലെഴുതിയിടാൻ
ഭൂമിയിന്നു തേടുന്നതൊന്നുമാത്രം
മഴതുള്ളിപോലെ മനോഹരമാമൊരു
കവിത...









No comments:

Post a Comment