Monday, September 19, 2011

പെയ്തുതീരാനായ്  നിയുമെത്ര ദിനങ്ങൾ

മഴക്കാലമേ!
പെയ്തുതീരാനായ്  
ഇനിയുമെത്ര ദിനങ്ങൾ???

വിപരീതങ്ങളുടെ ഗുണനമുദ്രയിലുടഞ്ഞ
ഏതുകാവ്യമാവും
പ്രളയാന്ത്യത്തിലൊഴുകുക?

ആലിലയിലെയനന്തമാം
അനാദിചിന്തകളിലൊരിക്കലുണർന്ന ലോകം
സൂക്ഷ്മനിർവചനങ്ങളുടെ
അക്ഷരകമാനത്തിൽ
നിദ്രപൂകുന്നുവോ..

വഴിയോരത്തെയിടിഞ്ഞുതകർന്ന
മൺകൂടുകൾക്കരികിലൂടെ
കൂട്ടംതെറ്റിയോടും
ഇടവഴിയിലെയുറഞ്ഞുതീരാത്തനീർച്ചാലിൽ
നഗരം മുങ്ങിതോർത്തിവന്നനാളിലായിരുന്നുവോ
ചട്ടക്കൂടുകളിൽ തണുത്തപ്രഭാതങ്ങൾ
പ്രകാശമൊരുവിളക്കിലേറ്റിവന്നത്


സമുദ്രയാനത്തിൻ തിരുനെറ്റിയിൽ
പായ്മരം പണിതുനീങ്ങിയ
ഋതുക്കളാലേഖനം ചെയ്ത
മഷിപ്പൊട്ടുകളിലൂടെ
ദിനങ്ങൾ നീങ്ങുമ്പോൾ
എഴുതിയുടച്ചോരക്ഷരങ്ങളുടെ
ആത്മകഥയുമായ് മുന്നിലുയരുന്നുവോ
പാതയോരത്തെ പണിതീരാത്ത
ചരിത്രവിസ്മയങ്ങൾ...


നഗരങ്ങളുടെ കടുംകെട്ടുവീണ
ഹൃദ്സ്പന്ദനങ്ങൾക്കരികിലാവാം
ഗ്രാമം സായന്തനത്തിൻ
വിളക്കിലെണ്ണ പകർന്നത്
അല്പം പ്രകാശം മിഴിയിലേറ്റാൻ...







No comments:

Post a Comment