വേറിട്ടൊരു വാത്മീകത്തിൽ
ഭ്രമണലയമൊരു
താളചിന്തിലുറങ്ങിയ
പകലിറക്കത്തിൽ
ഉള്ളറകളിലെവിടെയോ
വേരറ്റൊരുമഹാഗണിയിലോ
നിർജീവമാം നിഴലുകളുറങ്ങിയത്
എഴുതപ്പെടേണ്ട
ദീർഘകാലവ്യഥയിലെയാദ്യക്ഷരം
നിലവറയിലെയോലയിൽ
മയങ്ങുമ്പോൾ
നീർത്തിയിട്ട കടലാസിലൂടെ
ഋതുക്കൾ ഒഴുകിനീങ്ങിയ
ദിനം കണ്ട വേറിട്ടൊരു വാത്മീകത്തിൽ
തപമാർന്ന പ്രഭാതം
ഭൂപാളസ്വരം മറന്നൊരിടവേളയിൽ
മൺകൂടുടഞ്ഞതിലെ
ജന്മസങ്കടമൊരു പുൽനാമ്പിലെ
മഞ്ഞുകണത്തിലലിഞ്ഞു തീരും
വരെയും മൗനമാർന്നിരുന്നുവോ..
നെയ്തുതീരാനാവാതെ
കടുംകെട്ടുവീണ
നൂൽതുണ്ടുകളിൽ
ലോകത്തെ ചുറ്റിക്കെട്ടിയൊരു
തട്ടിലേറ്റിനിൽക്കുമ്പോൾ
ഏതുദൈന്യമാവും
വരും വരായ്കയുടെ
ഏണിപ്പടികളേറി
ആകാശത്തേയ്ക്കൊരു
ദൂതുമായ് വരുന്നത്
സന്ദേശങ്ങളിൽ നിറയും
അർഥശൂന്യതയുടെ
ആവരണമോ
വർത്തമാനകാലത്തിൻ
ബാക്കിപത്രം....
No comments:
Post a Comment