Tuesday, September 27, 2011

സ്മൃതിവിസ്മൃതികൾ
ഒരിയ്ക്കൽ പ്രഭാതത്തിൻ
നൈർമ്മല്യചാന്താൽകുറിയൊരുക്കി
നടന്നൊരുഗ്രാമത്തിനരികിലായ്
നാലുകെട്ടുകൾ കഥയെഴുതി
പിന്നെ ചില്ലുകൂടുകൾ പണിയുന്ന
യുഗമോ കാവൽനിന്നു..
അഴികൾപണിതാദിവിദ്യതൻ
ചിറകുകളറുത്തുനീങ്ങി
പുകൾപെറ്റതാം കുലം;
പണ്ടേയെഴുതിപ്പെരുപ്പിച്ചദിക്കുകൾ
പോർക്കച്ചകളണിഞ്ഞുവന്നുമുന്നിൽ
കാലമോ സാക്ഷ്യം നിന്നു..
പുകയേറ്റൊരുശൈത്യവാതിലിനരികിലായ്
മുകിൽച്ചീന്തിലോമങ്ങി മഞ്ഞുതുള്ളികൾ,
ഗിരിനിരകൾ കണ്ടൂ
മലമേട്ടിലെദൈന്യം; ജീവഗതിയിൽ
തുളുമ്പിയ കണ്ണുനീർക്കണങ്ങളും..
ഒരുനാളോർമ്മതുമ്പിൽ മിന്നിയാടിയ
കുറെ ദിനങ്ങൾ വിരചിച്ച
കാവ്യങ്ങളെല്ലാം ചിതലൊതുക്കി
മഴക്കാലമെടുക്കും നേരം കണ്ടതൊരു
മൺതരിയുടെയകലം
നേർരേഖകളിടറിയടർന്നൊരു
മേഘഗദ്ഗദം
മിന്നലൊളിയാൽകരിയുന്ന
തണൽത്തോപ്പുകൾ..
കടൽതീരത്തിലല്പനേരമിരിക്കുമ്പോഴോ 
കൈയിലുടക്കിക്കിടന്നത്
വെൺശംഖും, സമുദ്രവും..
കാണവാനായി 
മാറും ഋതുക്കൾ
സോപാനത്തിലേറിനിന്നപ്പോൾ
കേട്ടതൊരു ശ്രീരാഗം
മേലേ ജാലകം തുറന്നപ്പോൾ
കണ്ടതു നക്ഷത്രങ്ങൾ...

No comments:

Post a Comment