Sunday, September 25, 2011

മുദ്ര
എവിടെയോമുദ്രകൾ 
മാഞ്ഞുപോയാകാശമൊരു
സാക്ഷിയെന്നപോൽ
നിന്നിരിക്കാം
ചിറകുകൾക്കുള്ളിലായഗ്നിവീണാ
യാത്രയെവിടെയോ വീണുമുറിഞ്ഞു; 
സ്വപ്നങ്ങളെയനവധിനെയ്തവർ
മാഞ്ഞുപോയി..
അരികിലായ് കണ്ടുനിന്നാ 
കാസ്തമണ്ഡപം
ശിലയിലെ ശില്പങ്ങൾ
മിഴികൾ പൂട്ടി..
അവിടെയോ സൂര്യനൊരസ്തമയം
തേടിയൊഴുകിയതും
ഭൂവിലൊരുകുടം കരിമഷി
തൂവിയതും..
എഴുതുന്നതേതുവിവർത്തനം
മനസ്സിനെയൊരുശരത്ക്കാലം
മറയ്ക്കുന്നുവോ?
അരികിലൊരു വൈശാഖമഴയിലെ
നീർക്കണമുറയുന്നതും
നീണ്ടവഴിയിലെ മൗനം ചുരുങ്ങി
കരിഞ്ഞിതൾപൊഴിയുന്നതും
കാസ്തമണ്ഡപത്തിൽ....
ഇവിടെയോ ഭൂവർണമോലും
പ്രഭാതങ്ങളിനിയും വരും
വന്നുപോയിടും മറയിട്ട 
ഹൃദയങ്ങൾ മഞ്ഞിലായ് മാഞ്ഞുപോവും..
എഴുതുവാനിന്നീതടിക്കൂടുകൾക്കേതു
വിധിയേകിയഗ്നിതന്നാർത്തഭാവം..
നിരതെറ്റിയാവിധിക്കൂടുകൾക്കുള്ളിലായ്
നിറയുന്നുവോ സാക്ഷ്യചിഹ്നങ്ങൾ
പലകുറിയറിയാതെവീണുതകർന്നോരു
മുദ്രകൾ...


No comments:

Post a Comment