സ്മൃതിവിസ്മൃതികൾ
പറഞ്ഞുതീർന്നീലിന്നും
കഥകൾ
കൈയേറിയൊരറവാതിലിൽ
മുഖം പൂഴ്ത്തിനിൽക്കുന്നു
കാലം..
വിളക്കിചേർത്തോരീയക്കൂട്ടിലെ
സുഷിരത്തിലൊഴുകീടുന്നു
വീണ്ടും ക്ഷീരസാഗരം;
നിലവറകൾ തുറന്നേതു
വിസ്മയം കാണാൻ
ജനമൊഴുകുന്നിന്നും
പദ്മതീർഥത്തിനരികിലായ്..
ചുരുങ്ങും ഭൂപടത്തിനരികിൽ
ഭഗീരഥർ തപസ്സിൽ
ത്രിശൂലങ്ങൾ കൈയേറ്റും
ത്രികാലങ്ങൾ..
പുലരും പ്രഭാതത്തിൻ നടയിൽ
നേദിക്കുവാനുടയ്ക്കാനായി
കൈയിലേറ്റുകഹൃദയങ്ങൾ
ശിലകൾക്കുള്ളിൽ
പൊതിഞ്ഞെടുക്കാം
സങ്കല്പത്തിനുടഞ്ഞ
വിളക്കുകൾ, വെളിപാടുകൾ
കുറെദിനങ്ങൾ മായും നേരം
സ്മൃതിയിൽ
ഭൂരേഖകളുലഞ്ഞ ദിക്കിൽ
തീർഥം തളിയ്ക്കാമുണർന്നേയ്ക്കും
തുളസിപ്പൂക്കൾ;
പണ്ടേയക്ഷതം കരുതിയാ
മദ്ധ്യവർഷത്തിൽ
കാത്തുനിൽക്കുകയാവാം
മനോഗതങ്ങൾ
കാണാകുന്ന ദിക്കുകൾ
ചുരുക്കുന്ന വൈഭവമതത്ഭുതം..
എങ്കിലും പൂർവാഹ്നമേ
വെൺശംഖിലുണരുന്ന
നിന്നെയല്ലയോ
കണ്ടുനിൽക്കുന്നു
ഭൂരാഗങ്ങൾ...
No comments:
Post a Comment