Saturday, September 24, 2011


മൊഴി
പണ്ടേയങ്ങനെയാവാം
പലതായ് പകുത്തതാം
ചിന്തകൾക്കോരോ നിറം
ഋതുക്കൾ മാറും പോലെ
എത്രയോ തുലാസുകളക്കാൻ
മുറിക്കുവാനെത്രയോ
പുണ്യാഹങ്ങളതിനെ
ശുദ്ധം ചെയ്യാൻ...
മറികടക്കും ലോകഭൂപടമൊരു
ചെറു കടലാസതിൽ
നീളെയൊഴുകും സമുദ്രങ്ങൾ..
ഏതിലാണൊരുവാക്ക്
തെറ്റിവീണതിൽ നിന്നുമായിരം
ചില്ലക്ഷരം ചിതറിതെറിച്ചതും..
ആകെയും മൃദുവായൊരക്ഷരക്കൂട്ടങ്ങളെ
കാരിരുമ്പാക്കിക്കടഞ്ഞടുപ്പിൽ
തീകൂട്ടുമ്പോൾ
ഏതിലോവീഴും 
മഹാസമുദ്രതിരയുടെ 
ലോകമേ!
നീയോ വിധിന്യായങ്ങളെഴുതുന്നു?
മനസ്സിലൊതുക്കാതെ
വീണുപോയൊരാഭാരച്ചുമടിൽപോലും
ചിത്രം രചിക്കും ചരിത്രത്തിനിടനാഴിയിൽ
തട്ടിയുടയുന്നുവോ വിധി..
അറിയാനിനിയുമില്ലൊന്നുമേ
കാണാകുന്ന പ്രപഞ്ചമെഴുതട്ടെ
ഭൂപാളസ്വരങ്ങളിൽ....

No comments:

Post a Comment