ഹൃദ്സ്പന്ദനങ്ങൾ
പാതകളുടെ
ദൈർഘ്യമളന്നോടിയ
നിമിഷങ്ങൾ ചിമിഴിലേറ്റിയ ഭാരം
ചുമരെഴുത്തിൽ ചുരുക്കിനീങ്ങുന്നു
വർത്തമാനകാലം....
ഭൂവർണത്തിൽ തട്ടിതൂവും
കനൽതുണ്ടിലെരിയുമൊരു
ചെറുമൺചിറ..
അതിനുമപ്പുറമോ
യുഗങ്ങൾ ചിതയേറ്റിയ
തിരശ്ശീലകൾ, പുതപ്പുകൾ
തണൽ വൃക്ഷങ്ങൾ,
ഗ്രന്ഥപ്പുരകൾ....
നളന്ദ കത്തിയെരിയും പോൽ
പുകയും സംവൽസരങ്ങളുടെ
ചിറകുകൾ..
ഏതുവഴിയിലാവും
മണലിറക്കങ്ങളുടെ
കടും കെട്ടുമായ്
ചിതറിയ ശിരോരേഖകൾ
ഗ്രാഫൈറ്റ് തുണ്ടുകളാൽ
ചിത്രം രചിക്കുന്നത്..
അരിപ്പൊടിതൂവിയ
രംഗോലിചിത്രങ്ങൾ
കിഴക്കേഗോപുരവാതിലിലുണരുമ്പോൾ
ആരായിരിക്കും
എണ്ണവറ്റിയ തൂക്കുവിളക്കുമായ്
പിന്നോട്ടു നടക്കുന്നത്...
ആകാശമേ!
കടലോരത്തെ മണലിലെഴുതിയിട്ട
ആദ്യക്ഷരങ്ങളിൽ നിറയുന്നുവോ
ഉൾക്കടലിൻ ഹൃദ്സ്പന്ദനങ്ങൾ..
No comments:
Post a Comment