Saturday, March 26, 2011

എന്നിട്ടുമെന്തേയീലോകമസ്വസ്ഥം

ദൈവത്തിനെ രണ്ടാക്കി
അതിർമതിലുകളെഴുതി
നിറച്ചതാരോ?
എല്ലാമറിയുന്നവൻ
താഴ്വരയിലെ പുൽമേട്ടിൽ
കാലിമേയ്ക്കുന്നു
നക്ഷത്രങ്ങൾ വഴികാട്ടിയെത്തിയ
ബേത് ലേഹേമിലെ പുൽക്കൂട്ടിലുറങ്ങുന്നു
നിസ്ക്കാരമുദ്രകളിലെ
തിരുവചനത്തിലുണരുന്നു
അതിനിടയിൽ
ദ്വീപുകളസ്വസ്ഥം,
ഭൂഖണ്ഡങ്ങളുമുപഭൂഖണ്ഡങ്ങളുമസ്വസ്ഥം
തീരമേറിയ തീർപ്പുവിധികളുമസ്വസ്ഥം
നിസ്ക്കാരങ്ങളുടെ
തടവറയിലെന്തേയുഗ്രവാദമുണരുന്നു
ജോർദാനിലെയരുവികൾ
വറ്റിയതേതുഗ്രീഷ്മത്തിൽ
നക്ഷത്രങ്ങൾ വാനിൽ
വിളക്കുമായ് വഴികാട്ടിയിട്ടുമിരുട്ടിൽ
കാൽതട്ടിയെന്തേയീലോകമിടറിവീഴുന്നു
മഞ്ഞുതിരുന്ന പുൽക്കൂടിനരികിൽ
ഭൂമിയ്ക്കായൊരു
മുൾക്കിരീടവിലങ്ങുയരുന്നതെന്തേ
പർവതങ്ങൾ വിലങ്ങിട്ട ലോകമെന്തേ
നിസ്ക്കാരമുദ്രകളെയുടച്ചുവാർക്കുന്നു
നക്ഷത്രങ്ങൾ വിളക്കുകളെയിന്നും
തെളിയിക്കുന്നുവല്ലോ
കടമ്പിലെയമൃതുതുള്ളികൾ
പൂക്കാലമായ് വിരിയുന്നുവല്ലോ
എന്നിട്ടുമെന്തേയീലോകമസ്വസ്ഥം
എവിടെ മാഞ്ഞുപോയ്
സ്വസ്ഥമുദ്രാങ്കിതങ്ങൾ

No comments:

Post a Comment