Saturday, March 12, 2011

കഥയിലിനിയെന്തെന്നറിയേണ്ടതില്ല

കഥയിലൊരുകാര്യമുണ്ടെന്നെഴുതിയതാരോ?
പിന്നെയെല്ലാറ്റിനുമൊരു മറയിട്ട്
വേലിചുറ്റി പടിപ്പുരകെട്ടിയോടുപാകി
ചുറ്റുമതിൽപണിത്
മുറ്റം നിറയെ ചരൽപാകിയൊരായിരം
പൂമരങ്ങൾ നട്ടു പിന്നെയാ
പൂമുഖപ്പടിയിലിരുന്നാകഥയെന്തിങ്ങനെയെന്ന്
ആലോചിക്കാമല്പനേരം..
കഥയിലെകാര്യം തേടിതേടിയൊഴുകിയ
ഋതുക്കളുറക്കിയ ദിനങ്ങളെഴുതിയ
നീണ്ടകഥയുടെ പര്യാപ്തിയിൽ
മഷിയുണങ്ങിയ പാടുകളനേകം..
അതിനപ്പുറമൊരു കോട്ടമതിലിൽ
തട്ടിയുടഞ്ഞുമുഴങ്ങും പ്രതിധ്വനിയാരുടേതോ?
ഒളിപാർക്കും മിഴിയ്ക്കെന്നും രാവിൻതിമിരം..
മൺചിരാതിലൊഴുകിയ
അശോകപ്പൂവിൻ നിറമുള്ള
സന്ധ്യയ്ക്കെന്തു തിളക്കം..
കഥയിലിനിയെന്തെന്നറിയേണ്ടതില്ല
അറിഞ്ഞതുതന്നെയധികം..
വിതാനങ്ങൾക്കരികിലെയൊരു
പൂപ്പാത്രത്തിലൊതുങ്ങില്ലല്ലോ
ഋതുക്കൾ വിരിയിക്കും പൂവുകൾ...

No comments:

Post a Comment