Friday, March 18, 2011

ജാലകവാതിലിനരികിൽ


ഉഷസന്ധ്യയുടെ
നനുത്ത മഞ്ഞുകണങ്ങൾ
എത്രവേഗത്തിൽ മാഞ്ഞില്ലാതെയാവുന്നു
ഈറനുടുത്തൊരുങ്ങിയ
സുഗന്ധമല്ലികകളെത്രവേഗം
കനൽവെയിലേറ്റുപൊഴിയുന്നു
മിഴിയിൽ കരിഞ്ഞപുകയുടെ നീറ്റൽ
ചുറ്റിലും ഉലഞ്ഞ ഭൂമിയുടെ തുണ്ടുകൾ
കാറ്റിൽ പറന്നുപോയതെന്തേ
കാഴ്ച്ചക്കപ്പുറം മാഞ്ഞ
ശിശിരചിമിഴിലുറങ്ങിയ
മഞ്ഞുപൂക്കൾക്കരികിൽ
കത്തിയുരുകും വീടുകൾ
തകരുമുത്തുംഗസൗധങ്ങൾ...
കാണാപ്പാടിനരികിലൊരവ്യക്തബിന്ദുവായ്
മായുന്നുവോ പ്രപഞ്ചം...
വിരലുകളിലുമൊരാകസ്മികചലനം
എഴുതിയിട്ടുമെഴുതിയിട്ടും തീരാത്ത
വാക്കുകളുടെയാന്ദോളനം...
ആകാശഗോപുരങ്ങളിറങ്ങി
ചക്രവാളത്തെതൊട്ടു താഴേയ്ക്കിറങ്ങി
വരുന്നുവോ ഒരു സർഗം
മിഴിയിലൊതുങ്ങുന്നരികിലൊരു ലോകം
മിഴിയിലൊതുങ്ങാതെ
കടലേറിയ ദ്വീപുകളിൽ
കണ്ണുനീർ തൂവുന്നു വേറൊരു ലോകം
ഇടനാഴിയിലെ നിശബ്ദതയ്ക്കപ്പുറം
ജാലകവാതിലിനരികിൽ
മുനമ്പിലെ സമുദ്രത്തിന്റെയാരവം....

No comments:

Post a Comment