Thursday, March 24, 2011

ഘനശ്യാമസന്ധ്യയിൽ

സ്ഫടികചെപ്പുകളുടയുമ്പോൾ
അതിന്റെ ചില്ലുകളിൽ
തെളിയുമനേകമുഖങ്ങളിൽ
യാഥാർഥ്യവും പലതായേക്കാം
അയഥാർഥ്യങ്ങളുടെ
ആവരണങ്ങളോരോന്നായി
മാറ്റിയെടുക്കുമ്പോൾ
കാണാനവശേഷിക്കുക
കറുത്തിരുണ്ട സങ്കല്പകഥകളാവും
കുമ്പസാരക്കൂടുകളിലേറി
കാലമെഴുതുംകഥകളെന്തിനറിയണം
ഇരുട്ടിനെയുരച്ചുവെളുപ്പാക്കി
നടക്കട്ടെ കാലം
ആരെതിരുപറയാൻ
താഴ്വാരങ്ങളിൽ പാതിരിമരങ്ങൾ
പൂവു തേടുമ്പോൾ
വേനൽച്ചൂടിൽ
കത്തിയുരുകിയില്ലാതെയാവട്ടെ
ഉടഞ്ഞ സ്ഫടികപാത്രങ്ങൾ,
ചില്ലുകൾ, ഓടാമ്പലിട്ട്
തഴുതിട്ടുപൂട്ടിയോരോർമ്മകൾ...
ഘനശ്യാമസന്ധ്യയിൽ
വലയങ്ങളൊയൊക്കെ ഭേദിച്ചൊഴുകും
കടലിനുള്ളിലേയ്ക്കൊരു
പായ് നൗകതുഴഞ്ഞുപോകാമിനി....

No comments:

Post a Comment