Wednesday, March 9, 2011

ഋതുക്കൾ കൂടെയുള്ളതൊരാശ്വാസം

സമാധാനം ആവശ്യമെന്ന്
ചിലരെഴുതുന്നു
ഒരാളുടെ വീടുതച്ചുടച്ചതിക്രമിച്ചതിൽ
കയറിയാൽ സമാധാനം കിട്ടുമെന്ന്
നിന്നോടാരു പറഞ്ഞു.
സമാധാനം വേണമെന്ന്
ഞങ്ങളുമാവശ്യപ്പെട്ടിരുന്നുവല്ലോയൊരിക്കൽ
അന്ന് ഒരാളെയൊറ്റപ്പെടുത്താൻ
കാൽക്കാശിനുവിലയില്ലാത്ത
എഴുത്തുകാരെ വിലയ്ക്ക് വാങ്ങി
അവരെക്കൊണ്ടു
വേണ്ടാത്തതെഴുതിയച്ചടിച്ചു വിറ്റു നീ..
അങ്ങനെ ചെയ്താൽ
സമാധാനം കിട്ടുമെന്നേതു
സർവകലാശാല നിന്നെ പഠിപ്പിച്ചു?
വരാഹങ്ങൾക്ക് കൊടുക്കുന്നതുപോലെ
തുണ്ടുകഷണങ്ങെറിഞ്ഞാൽ
അഭിമാനികളത് തൊടുകപോലുമില്ലെന്ന്
നിനക്കറിയുക പോലുമില്ലെന്നതാശ്ചര്യകരം
എറിയുന്നതെല്ലാമൊരു
കൂടയിലാക്കി വയ്ക്കാം
സമാധാനത്തിന്റയളവ് നിർണയിക്കാൻ
അതെല്ലാംകൂടിതൂക്കിയെടുത്താൽ
കിട്ടിയേക്കാം സമാധാനത്തിന്റെ
സംക്ഷിപ്തരൂപം..
എത്രയോ കൂടകൾ നിറഞ്ഞിരിക്കുന്നു
പണ്ട് പൂക്കാലങ്ങളിലെ പൂക്കൾ നിറഞ്ഞിരുന്ന
കൂടകളിലിന്നസമാധാനം നിറഞ്ഞിരിക്കുന്നു
അതൊന്നെടുത്തുമാറ്റണമെന്നുണ്ട്
വല്ലാത്ത ഭാരം
ഒന്നും രണ്ടും ദിനങ്ങളിലെയല്ലല്ലോ
വർഷങ്ങളിലൂടെ വീണു നിറഞ്ഞതല്ലേ...
ആ ഭാരക്കെട്ടുകൾ മാറ്റി കുറെ
പൂവുകൾ ശേഖരിക്കുകയാണതിലിപ്പോൾ
ഋതുക്കൾ കൂടെയുള്ളതൊരാശ്വാസം...

No comments:

Post a Comment