Thursday, March 3, 2011

പാടാൻ മറന്നൊരു പാട്ടും, പാട്ടിന്നീണവും

മൺകല്ലിലുയർത്തിയ
വീഥിയിലെ കമ്പോളത്തിൽ
പൊൻചായം പൂശിയ
ഈയക്കുടങ്ങളുമായിരുന്നു
കുറെയേറെ മുഖങ്ങൾ...
കായലോരത്തെ അയനിമരത്തിൽ
കൂടുകെട്ടിയ കിളി പാടാൻ മറന്ന
പലേ പാട്ടുകളും, പാട്ടിന്നീണവും
മദ്ധ്യാഹ്നവെയിൽവീണുകത്തിയ
മൺപ്പരപ്പിൽ നിന്നകലേയ്ക്ക്
പറന്നകലുന്നതും
ചിറകുകരിഞ്ഞു തളർന്ന
മേഘകലശങ്ങളിലൊതുങ്ങാനാവാതെ
പളുങ്കുമണികൾപോലെയുള്ള
മഴതുള്ളികൾ ചക്രവാളത്തിൽ
ശിശിരത്തോടൊപ്പമുറഞ്ഞു മായുന്നതും
നിസ്സംഗം കണ്ടുനിന്നു ഭൂമി....
പണിതുയർത്തിയ കോട്ടകൾക്ക് ചുറ്റും
കിടങ്ങുകൾതീർത്ത് പടച്ചട്ടയണിഞ്ഞ്
പോരാളികൾ കാവൽ നിന്നപ്പോഴും
ഋതുക്കളുടെ ചിറകിലൊരു
തൂവൽസ്പർശമായൊഴുകി ഭൂമി...
വീഥികളിൽ തിരക്കിട്ടോടിയ മുഖങ്ങൾ
ഈയക്കുടങ്ങൾ തോളിലേറ്റി
നടന്നുനീങ്ങിയപ്പോൾ
നക്ഷത്രവിളക്കുകൾ തെളിയിച്ച്
വിരലിൽ കൂടുകൂട്ടീയ
സന്ധ്യയ്ക്കരികിലൂടെ
കായലോളങ്ങളെ കടന്ന്
അയനിമരത്തണലും പിന്നിട്ട്
മനസ്സിൽ വെൺപ്പട്ടുനൂലാലൊരു
കൂടുകെട്ടിയതിൽവന്നു
കുടിയേറി പാർത്തു
പാടാൻ മറന്നൊരു പാട്ടും,
പാട്ടിന്നീണവും ...

No comments:

Post a Comment