Monday, March 14, 2011

കേൾക്കാനിനിയും കഥകളുണ്ടെന്നറിയാം
മണലാരണ്യത്തിലൂടെയോ
മരുഭൂമിയിലൂടെയോ
കുനിഞ്ഞ ശിരസ്സുമായ്
നിനക്ക് നടന്നുപോവാം
ഇടത്താവളങ്ങളിൽ
നുകരാനൽപ്പമച്ചടിമഷിയും
കരുതുക....
എന്റെകൈയിലിപ്പോൾ
അമൃതേയുള്ളു
പാലാഴികടഞ്ഞുയർന്നോരമൃത്
അതുതൊട്ടെഴുതുന്നതെന്റെ
വിരലുകളല്ലേ
അതിനുനീയെന്തിങ്ങനെ
അസൂയപ്പെടണം
നിന്റെയെഴുത്തുകണ്ടാൽതോന്നും
ഈലോകമെന്ന മഹാഗോപുരം
ദൈവം നിനക്കായി തീറെഴുതി
തന്നതെന്ന്
നീ മരുഭൂമിയിലൂടെയോ
മണലാരണ്യത്തിലൂടെയോ
നടക്കുക
എനിയ്ക്ക് നടക്കാനിവിടെയൊരു
മുനമ്പിൽ മഹാസാഗരതീരമുണ്ടല്ലോ
തഥാഗതകഥകൾ
ബോധഗയയിലെ
വടവൃക്ഷച്ചുവട്ടിലിരുന്നൊരുനാൾ
ഞാനും കേട്ടതാണല്ലോ
വാനപ്രസ്ഥത്തിനു സമയമായിട്ടും
അശാന്തിമന്ത്രമുരുവിട്ട് മരുഭൂമിയിറങ്ങി
വരുന്നതാരോ
കേൾക്കാനിനിയും കഥകളുണ്ടെന്നറിയാം
കാതോർത്തിരിക്കുന്നില്ല....
എന്റെ ഭാവികാലത്തിനടിക്കുറിപ്പ്
തേടി നീയാകുലപ്പെടേണ്ടതില്ല
അതിലൊരു തുള്ളിയമൃതുണ്ടെന്ന്
മാത്രമറിഞ്ഞിരിക്കുക....

No comments:

Post a Comment