Sunday, March 20, 2011

തുടക്കം മുതലെഴുതിയാൽ

തുടക്കം മുതലെഴുതിയാൽ
ഘനീഭവിച്ച മഞ്ഞുഭൂഖണ്ഡങ്ങളും
ഒരു സമുദ്രമായി മാറിയേക്കും
ഉപദേശങ്ങളുടെ ഉപഹാരങ്ങളിൽ
പരുത്തിനൂൽചേർത്തു തുന്നിക്കൂട്ടി
പിന്നിൽ നിന്നൊളിപാർത്ത
മിഴികളാരുടേതോ?
ആശ്രമശാന്തിയുമായൊഴുകിയ
ആദ്യാക്ഷരങ്ങളെ
വിഷമവൃത്തത്തിൽ 
ചുറ്റിയുലച്ചാഘോഷിച്ചതാരോ?
പിന്നെ പറയാനൊക്കെയെത്രയെളുപ്പം
അതിനരികിലിരുന്നിനിയാദ്യക്ഷരി പഠിക്കാം..
ഭൂമിയുടെ തുണ്ടുകളടർന്നുവീഴുമ്പോഴും
സമുദ്രത്തിലൂടെ പലതുമൊഴുകിപ്പോകുമ്പോഴും
ആദർശത്തിന്റെ മുഖം നഷ്ടപ്പെട്ടവർ
ജേതാക്കളെപോലെ നടന്നുനീങ്ങുമ്പോഴും
നമുക്ക് സബർമതിയെപ്പറ്റി
സംസാരിക്കാം
ദണ്ഡി, അഹിംസയെന്നിവയെപ്പറ്റി
നാൽക്കവലയിൽ ആളെക്കൂട്ടി
ശബ്ദഘോഷങ്ങൾ നടത്താം...
വെയിൽ കത്തിയാളുന്നുവല്ലോ
ഒളിപാർക്കാതെ തന്നെ ചിലരുടെയനേകം
മുഖങ്ങളെ നമുക്ക് കാണാനാവും
ഒളിപാർക്കാതെ തന്നെ ചിലരെ
നമുക്കറിയാനാവും
അതിനാകാശത്തിലൊഴുകും
അനേകഗ്രഹങ്ങളെ
വെളുത്ത ചെറിയ കവടിശംഖിലൊതുക്കും
പ്രവചനങ്ങളുടെ പിന്നാലെ
പോകേണ്ടതില്ല
ചിലതെല്ലാമങ്ങനെ...
ഇനിയകത്തെയറയിലിരുന്നൊരു
പുസ്ത്കമെഴുതാം
ഒരു വശത്തെഴുതാം
മറുവശം മൂടുപടമിട്ടു സൂക്ഷിക്കാം
ഒരു കൂടയിൽ നിറയ്ക്കാമിനി
തത്വസംഹിതകൾ..
എന്നിട്ടതെല്ലാമൊരു ചില്ലലമാരയിൽ
പ്രദർശനത്തിനു വയ്ക്കാം
അല്ലെങ്കിലുമെല്ലാമിന്നൊരു പ്രദർശനം..
തുടക്കമിനിയെന്തിനെഴുതണം
അതിനാലിനിയവസാനത്തെയോർത്തും
ആകുലപ്പെടേണ്ടതില്ല...

No comments:

Post a Comment