Tuesday, January 25, 2011

നെരിപ്പോടുകളിലെന്തേ തീ പുകയുന്നു

നീഹാരബിന്ദുക്കൾ മിന്നുന്ന
ഓർമ്മകളുടെ നെരിപ്പോടിലേയ്ക്ക്
അയഥാർത്യങ്ങളുടെ
ഉടഞ്ഞ ചില്ലും, കൽച്ചീളും
തൂവി കടം കൊള്ളുന്ന
പുകച്ചുരുളുകളോട്
നിനക്കെന്തിനൊരു പരിഭവം
അകിലും ചന്ദനവും
സുഗന്ധദ്രവ്യങ്ങളും ഹൃദയത്തിന്റെ
അറകളിൽ താഴിട്ടുപൂട്ടി
തീയിലേയ്ക്കെറിയുന്ന
അശാന്തിയുടെ മുള്ളുകളിൽ
നിന്നുയരുന്ന പുകച്ചുരുളുകളോടെവിടേയ്ക്ക്
പോകാനരുളുന്നു നീ
ശിശിരമഞ്ഞുതൂവുന്ന ഓർമ്മപ്പാടിൽ
വൻതിരയേറിയ
സമുദ്രതീരങ്ങളിലൊഴുകിമാഞ്ഞവരെത്രയോ
ഹേമന്തമീനടപ്പാതയിലിരുന്നവരെയോർമ്മിക്കുമ്പോഴും
ചന്ദനമരങ്ങളുടെ തണലിലവർക്കൊരു
സ്മാരകം പണിയുമ്പോഴും
നെരിപ്പോടുകളിലെന്തേ
തീ പുകയുന്നു....

No comments:

Post a Comment