Wednesday, January 26, 2011

ശരത്ക്കാലവർണ്ണമൊഴുകിയ സ്വപ്നങ്ങൾ
സ്വപ്നങ്ങളുടെ പൂക്കളെയെല്ലാം
തിരികല്ലിലാട്ടി നീരാക്കി
താമരയിലയിൽ പകർന്ന് നുകരുമ്പോൾ
കയ്പായിരുന്നതിനുള്ളിൽ
വസന്താഭയിൽ വരിയനുറുമ്പുകൾ
തേൻതുള്ളികളെ പൂക്കാലത്തിൽ നിന്നടർത്തി
മൺകൂനകൾക്കുള്ളിലും
ഭിത്തിയിലെ വിടവുകളിലുമൊളിപ്പിച്ചു
വേനൽക്കാലാറുതിയിലേയ്ക്കൊരു
മുൻകരുതൽ
മുൻവിധി തേടാതെ വിരിഞ്ഞ
പൂവുകൾക്കരികിൽ
ശിശിരം തൂവി
തുളസിപ്പൂവിന്റെ സുഗന്ധമൊഴുകുന്ന
മഞ്ഞുനീർതീർഥം
കൈവിരൽതുമ്പിലെ വാക്കുകളിൽ
മുൻപിൻവിധിയില്ലാതെ വിരിയുന്നു
ഹേമന്തസായാഹ്നം...
മൺവിളക്കുകളിൽ
തിരിയിട്ടു മന്ത്രം ചൊല്ലിയ
മനസ്സിനും മുൻപിൻവിധിയുടെ
ഗ്രീഷ്മക്കനൽക്കൂടുകളില്ലായിരുന്നു..
അതിലൊരു മഴക്കാലവും
മഞ്ഞുകാലവുമായിരുന്നു
പിന്നെ കുറെ ശരത്ക്കാലവർണ്ണമൊഴുകിയ
സ്വപ്നങ്ങളും.....

No comments:

Post a Comment