അമൃത് തൂവിയ ശിശിരത്തിനരികിൽ
ഋതുക്കൾ അമൃത് തൂവിയ
ശിശിരത്തിനരികിൽ
ദിനരാത്രങ്ങളൂറ്റിയ
കയ്പുനീരുറഞ്ഞു
കഥയിലൊഴുകിയ ശംഖിനുള്ളിൽ
കാലം തിരഞ്ഞുകൊണ്ടേയിരുന്നു
കല്പനകൾക്കായൊരു തീരം...
പലായനം ചെയ്ത പകലിന്റെ
ആസ്ഥിപത്രങ്ങളിൽ കുടിയിരുന്നു
അപക്വമായ മഷിപ്പാടുകൾ
നിഴൽപ്പുഴ നീന്തിക്കടന്ന
കാറ്റൊരു ചെമ്പകപ്പൂമരച്ചോട്ടിൽ
ശിശിരത്തോടൊപ്പം തണുപ്പാറ്റിയിരുന്നു
കുചേലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ
ധ്യാന്യവുമായ് നടന്നു ആകുലതകൾ
ശ്വേതാംബരത്തിൽ നിന്നുണർന്നു
ചക്രവാളത്തിന്റെ വിളക്കുകൾ..
ഋതുക്കൾ അമൃത് തൂവിയ
ശിശിരത്തിനരികിൽ
മൂടൽ മഞ്ഞിന്റെ ജാലകവിരിനീക്കി
വിരൽതുമ്പിലേയ്ക്കൊഴുകീ ഒരു കടൽ
ശംഖിനുള്ളിലുറഞ്ഞു മായാത്ത കടൽ...
No comments:
Post a Comment