Friday, January 21, 2011

നിഴലനക്കങ്ങളില്ലാതെ

നെല്ലിമരച്ചുവട്ടിൽ
നിഴലനങ്ങിയ ദിനങ്ങളിൽ
ശിശിരമെഴുതിയതെന്തെന്നറിഞ്ഞതേയില്ല
കയ്പും മധുരവുമിറ്റുവീണ
കാവ്യമണ്ഡപങ്ങളിൽ
രുദ്രാക്ഷങ്ങൾക്കിടയിലൂടെ
വില്വപത്രങ്ങൾക്കിടയിലൂടെ
ഒരിയ്ക്കലെങ്ങോ
വസന്തകാലപ്പൂവുകൾ
വിരിയുന്നതു കണ്ടു...
പിന്നീടെന്നോ
ഇടനാഴിയിലൂടെ നടന്നപ്പോഴും
ഇടവഴിയിൽ ഉറവയായൊഴുകിയ
മഴക്കാലത്തിനോർമ്മച്ചെപ്പിൽ
എഴുത്തുമഷി പടരുമ്പോഴും
നിഴലനങ്ങിയ നെല്ലിമരത്തിനരികിൽ
ഗ്രീഷ്മം കരിയിച്ച
ഇലകൾ കണ്ടതേയില്ല
താഴ്വാരങ്ങളിൽ നിന്നാളി
ആരണ്യകത്തിലെത്തിയ
അഗ്നിനാളങ്ങളിൽ
വേനൽമഴപെയ്തനാളിൽ
ദ്വാപരയുഗത്തിന്നോർമ്മച്ചെപ്പിൽ
ഓടക്കുഴലിനരികിൽ
ചന്ദനമരങ്ങൾ പൂക്കുന്നതു കണ്ടു
നീർമാതളങ്ങൾ നിരനിരയായി
നിന്ന പാടങ്ങൾക്കരികിൽ
ആമ്പൽപ്പൂവിറുത്തു നീങ്ങിയ
വേനലവധിയിലൂടെ
മാമ്പൂക്കൾ വിരിഞ്ഞ
മെയ്മാസപ്പുലരിയിലൂടെ
ഋതുക്കൾ മാറിയപ്പോൾ
നെല്ലിമരങ്ങൾക്കരികിലെ
നിഴലുകൾ നിശ്ചലമായ ത്രിസന്ധ്യയിൽ
മഞ്ഞുതുള്ളിയിറ്റു വീഴുന്ന
ചെമ്പകമരങ്ങളിൽ
ശിശിരമെഴുതിയതെല്ലാം
മൂടൽമഞ്ഞിനിടയിലൂടെ
കാണാനായി.....
നിഴലനക്കങ്ങളില്ലാതെ....

No comments:

Post a Comment