Monday, January 10, 2011

മഞ്ഞു തൂവിയ ഒരു ഋതുവിൽ

സന്ധ്യയുടെ ചെമ്പകപ്പൂവുകൾ
ആരോ പടിക്കെട്ടിലുപേക്ഷിച്ചു പോയി.
സുഗന്ധമൊഴുകിയ കൽപ്പെട്ടിയിലുണർന്ന
ഒരു വാക്കിൽ നിറഞ്ഞൊഴുകിയ
കടലൊരു മുനമ്പിലെത്തി നിന്നു
കൗതുകകരമായ നിറഭേദങ്ങളിൽ
അസ്തമയം കൽക്കെട്ടുകളിൽ
വീണുടഞ്ഞു
കൈയിലൊതുങ്ങി
ജന്മസങ്കടങ്ങളുടെ അന്തിമവിധിരേഖ
ശംഖുകൾ കൈവിരൽതുമ്പിൽ
പ്രണവമെഴുതി
വഴിയിലെ തണൽമരങ്ങളിൽ
നിഴലുകൾ ഊയലാടി
നടപ്പാതകളിൽ ശിശിരം
വെയിൽ കൊള്ളാനിരുന്നു
പൊയ്പ്പോയ വർഷത്തിനെ
ചുമർചിത്രങ്ങളാക്കി പുതുവർഷമുണർന്നു.
തുടർക്കഥയെഴുതാനാവാതെ
തൂലികളിൽ മഷിയുറഞ്ഞു
ശിശിരം മനസ്സിൽ
മഞ്ഞു തൂവിയ ഒരു ഋതുവായി മാറി

No comments:

Post a Comment