Thursday, January 13, 2011

ലയവിന്യാസം

നാദത്തിനപരിചിതം മൗനം..
ഭൂമിയുടെ പദചലനങ്ങളിൽ
ദിനരാത്രങ്ങളുടെ അക്ഷരകാലം
ഇടയിൽ ദേവവാദ്യങ്ങളുടെ ലയവിന്യാസം
വ്യതിചലനത്തിനും
ആകർഷീണയമായ ഒരു ലയം
പ്രഭാതത്തിന്റെ ലയവുമായുലയുന്നു ആൽമരം
വരുംവരായ്കയുടെ കരിക്കോലുകളിലുരഞ്ഞ
ചുമർപടങ്ങൾക്കരികിൽ
പുൽനാമ്പുകളിലെ മഞ്ഞുരുക്കുന്ന പ്രഭാതം
മാറ്റങ്ങളുടെ തിരയൊതുക്കത്തിനും
മാറാലകെട്ടിയ ഭൂതകാലത്തിനുമിടയിൽ
മധ്യാഹ്നത്തിന്റെ തായമ്പക..
സായന്തനത്തിനൊരു സാന്ത്വനതാളം
മഞ്ഞുതൂവിയ സംക്രമസന്ധ്യയിൽ
മകരജ്യോതി തേടി
മലകയറിയ ജന്മസങ്കടങ്ങളിൽ
നിന്നുണർന്നതിടയ്ക്കയുടെ
മൃദുവായ ലയം....
ഹൃദ്സ്പന്ദനങ്ങളുടെ ലയം..

No comments:

Post a Comment