Friday, January 28, 2011

ശിശിരമഞ്ഞ്

ഹേമന്തവൃക്ഷശിഖരങ്ങളിലിലപൊഴിയുമ്പോൾ
കൃഷ്ണപക്ഷസന്ധ്യയൊരിത്തിരി വെളിച്ചം
മൺവിളക്കിൽ നിറയ്ക്കുമ്പോൾ
പാതയോരത്ത് പകച്ചുനിന്നതസ്തമയമോ
പകൽക്കിനാക്കളോ
മിഴിരണ്ടിലുമായൊതുങ്ങിയ
കൗതുകങ്ങളിൽ, കാൽച്ചിലമ്പിൻനാദത്തിൽ
ഉറക്കം നഷ്ടപ്പെട്ട കാലമരികിലൊരു
രംഗമണ്ഡപത്തിലിരുന്നെഴുതിനിറയ്ക്കുന്നു
പാതയോരത്തൊഴുകിനീങ്ങുന്നൊരാൾക്കൂട്ടത്തിന്റെ
ദൈന്യം...
മഞ്ഞുവീഴുന്ന താഴ്വരകളിലെ
മന്ദാരപ്പൂക്കൾ കൂടയിലാക്കി
മെല്ലെ നടന്നു നീങ്ങുന്നു മകരം...
വർഷങ്ങൾ മെടഞ്ഞ പുൽപ്പായയിലിരുന്ന്
വായിച്ചൊടുക്കിയ തിരുശേഷിപ്പുകളിൽ
നിറയുന്നു ശിശിരം തൂവിയ മഞ്ഞ്....

No comments:

Post a Comment