Wednesday, January 26, 2011

 മഞ്ഞുമൂടിയ ശിശിരച്ചെപ്പിൽ

ഭൂമിയുടെ ഭ്രമണപഥങ്ങൾ തേടി പ്രദക്ഷിണവഴിയിലിരുന്നൊരുനാൾ ഞാൻ
സോപാനത്തിൽ നിന്നുയർന്നതൊരു
ചിലമ്പിൻ നാദം
മുഴങ്ങുന്ന ഓട്ടുമണിക്കരികിൽ
തണുത്തുറഞ്ഞ വിരൽ ഹോമാഗ്നിയിൽ
മുക്കിയെഴുതുമ്പോൾ
കടലായിരുന്നു മുന്നിൽ
ശിശിരമഞ്ഞുതുള്ളികൾ വീണു തണുത്ത
മനസ്സിലുറങ്ങിയതുൾക്കടൽ
താഴേയ്ക്ക് പോയ തഥാഗതപ്രതിമകളെ
സൂക്ഷിക്കുന്ന തടാകത്തിനരികിൽ
ഗ്രീഷ്മചൂടിൽ വറ്റിയ
ഭൂമിയിലെയൊരു പ്രഹിയിൽ
നീരുറവയായൊഴുകിയ
ക്ഷീരസാഗരം തൂവുമമൃതിൽ
ചുറ്റുവലയങ്ങൾ മറന്നൊരു
മഴതുള്ളിയിൽ സ്വപ്നം നെയ്ത്
ശരത്ക്കാലവർണ്ണമതിൽ തൂവി
മഞ്ഞു മൂടിയ ശിശിരചെപ്പിലാക്കി
മനസ്സിലേയ്ക്കിട്ടു നടക്കുമ്പോൾ
ഋതുക്കളെ കൈയിലമ്മാനമാടി
ഭൂമിയെന്നോടൊരു സ്വകാര്യമോതി
ഇത്തിരി ഭ്രാന്തില്ലാതെയാരുണ്ടിവിടെ
ഹേമന്തകാലരാവിൽ
മൂടൽമഞ്ഞിനിടയിലൂടെ
മുഖപടം മാറ്റി നീങ്ങിയതാരോ....

No comments:

Post a Comment