Tuesday, January 18, 2011

ഹിമകണങ്ങൾ വീണ ഭൂമിയുടെ യാത്രാവഴികളിൽ

അശോകപ്പൂമരത്തണലിൽ
പാതിരാപ്പൂ ചൂടി
പാട്ടുപാടിയകന്ന
ധനുമാസത്തോടൊപ്പം
ഇലഞ്ഞിപ്പൂക്കൾ തേടിപ്പോയ
ബാല്യത്തിന്റെ ശീലുകളുമുറങ്ങി
തിരിയുന്ന കല്ലിലുലഞ്ഞ
ഓർമ്മക്കുറിപ്പുകളിലൂടെയൊഴുകി മാഞ്ഞു
ഒരു ഋതു വാർമുടിക്കെട്ടിലണിഞ്ഞ
കുടമുല്ലപ്പൂവുകൾ...
നിഴൽപ്പാടുകളിൽ ശിശിരം തൂവി
മഞ്ഞുതുള്ളികൾ..
ദർഭനാമ്പിലൂടെയൊഴുകീ
പുണ്യാഹതീർഥം...
അതിരുകളിൽ ഭൂമിയുലയുന്നു
ഇടനാഴികൾക്കരികിൽ
ഘടികാരസൂചിയുടെ മന്ത്രസ്വനം..
മൗനത്തിന്റെ മുറിവിൽ
നിന്നൊഴുകിയ നീർച്ചാലുകളുറഞ്ഞ
മഞ്ഞുകാലത്തിനരികിൽ
ഇലപൊഴിയും ഓർമ്മകൾക്കരികിൽ
പ്രഭാതത്തിന്റെ കൽവിളക്കുകൾക്കരികിൽ
സ്മാരകശിലകളിലടിക്കുറിപ്പെഴുതി
കാലം നടന്ന വഴിയിൽ
ശിശിരവുമെഴുതിയിട്ടു
ഒരനുസ്മരണം
ഹിമകണങ്ങൾ വീണ ഭൂമിയുടെ
യാത്രാവഴികളിൽ.....

No comments:

Post a Comment