Saturday, January 22, 2011

ഒരു മഞ്ഞുകാലച്ചെരിവിൽ

എവിടെതുടങ്ങിയവസാനിപ്പിക്കും
മൂന്നു വർഷങ്ങളുടെ ഭാരം
ചുരുട്ടിക്കൂട്ടി കടലാസിലാക്കി
തീയിലിട്ടു നോക്കി
കത്തിയിട്ടും കത്തിയിട്ടും തീരാതെ
ഇരുമ്പുകുടങ്ങളിൽ
വീണ്ടും നിറയുന്നവ
അതെവിടെയൊഴുക്കും
കടലിലുപ്പിലലിയാത്തവ
ആത്മാവിന്റെ ഗീതമെഴുതിയ
സ്ത്രീപർവങ്ങളുടെ
വിരൽതുമ്പിലൊതുങ്ങാത്തവ
പുഴയെന്നേ വറ്റി...
വറ്റിയ പുഴയുടെ
മണൽപ്പരപ്പിലിരുന്നാഘോഷിക്കുക
ചിരിയ്ക്കാൻ മറന്നവരുടെ
ചരമഗീതമെഴുതി സന്തോഷിക്കുക
പർവതശിഖരങ്ങളസ്തമയത്തിൽ
ശിശിരമുറയുന്നത് ഭൂമിയിൽ,
ഹേമന്തത്തിന്റെ നനുത്ത
ശിഖരങ്ങളിൽ....
എന്നിട്ടുമൊരു
മഞ്ഞുകാലച്ചെരിവിലിരുന്നെഴുതാനാവുന്നു...
ഘനീഭവിച്ച സായന്തനം സാന്ത്വനമാവുമ്പോൾ
തുടങ്ങിയവസാനിപ്പിക്കാനാവാത്ത
എഴുത്തക്ഷരങ്ങൾ
ഋതുക്കളാവുമ്പോൾ.....

No comments:

Post a Comment