Tuesday, January 25, 2011

കൽത്തൂണുകൾക്കരികിൽ

നാലുകെട്ടിടിഞ്ഞുവീണ മണ്ണിൽ
നിലംപൊത്തിയ ചിതൽപ്പുറ്റുകളിൽ
നനഞ്ഞു വീണതൊരു ചെറിയ ഓർമ്മ
ഉലയുന്ന വൃക്ഷശാഖകളിൽ
തുലാവർഷം പെയ്തു നീങ്ങിയെങ്കിലും
മഴക്കാലമേഘങ്ങളിൽ
നിന്നൊഴിയാതെ നിന്നതൊരു
കണ്ണുനീർതുള്ളി
ശരത്ക്കാലത്തിന്റെ
ഗഹനതയ്ക്കരികിൽ  
ചായംതേച്ചു മിനുക്കിയ
കടലാസുചിത്രങ്ങളെ
കൂടാരങ്ങളിൽ പശതേച്ചൊട്ടിക്കുന്ന
ശിരോകവചമിട്ട
ഒരു മുഖമൊളിപാർക്കുന്ന
ഗുഹയിൽ നിന്നകലെ
ശിശിരം മഞ്ഞുതൂവുന്ന ഭൂമിയിൽ,
മഞ്ഞുതുള്ളികൾ മിന്നുന്ന
ഉടുപുടവയുമായ് നിൽക്കുന്ന
പർണശാലകളിൽ
ദർഭപ്പുൽനാമ്പിലൊഴുകുന്ന
പുണ്യാഹവുമായ്
ചിതലറ്റുപോവാത്ത
കൽത്തൂണുകൾക്കരികിൽ
ശിശിരമെഴുതിതുടങ്ങുമ്പോൾ
കടലാസുനൗകകളിൽ
ആരണ്യകചിത്രങ്ങളുമായ്
പുഴയിലൊഴുകി നീങ്ങുന്നതാരോ???

No comments:

Post a Comment