മൂടൽമഞ്ഞ്
സായാഹ്നത്തിന്റെ ചുമരിലായിരം
ഇരുമ്പാണികളിലേറ്റിയ ഭാരം
നിസ്സംഗതയുടെ ചെപ്പിലുറങ്ങുന്ന
മഞ്ഞുകാലം.....
മനസ്സിലും മഞ്ഞുകാലം
മഞ്ഞുതൂവുന്ന നിസ്സംഗത....
നീരാളികൾചുറ്റിയ മഹായാനത്തിന്റെ
നങ്കൂരച്ചരടിലുലയുന്ന യാത്രാപഥങ്ങൾ
മുന്നിലൊഴുകുന്നതപൂർവരാഗങ്ങളുടെ കടൽ
അണിയണിയായൊരു ചുറ്റുവലയമായ്
നീങ്ങുന്ന കടലാസു നൗകകൾ
മുറിവുണങ്ങാത്ത മനസ്സുമായ്
കാലത്തിനരികിലിരുന്നെഴുതുന്നു
ഒരു യുഗം
കൈവരിക്കെട്ടുകളിറങ്ങി
തുമ്പപൂക്കൾ തേടി നടന്ന ഗ്രാമത്തിനരികിൽ
കോലുമഷിതണ്ടുകൾ കൈയിലേറ്റി
നടന്നതൊരു ബാല്യം
സായാഹ്നത്തിന്റെ ചുമരുകളിൽ
നിന്നൂർന്നു വീഴുന്നു ഇരുമ്പാണികൾ.....
ഭാരച്ചുമടുകൾ..
ശേഷിച്ചത് ചുമരിലെ തിരുമുറിവുകൾ
മഞ്ഞുമൂടുന്നു ചുറ്റിലും
സായാഹ്നത്തിന്റെ ചുമരിലും
ചക്രവാളത്തിലും മൂടൽമഞ്ഞ്.....
No comments:
Post a Comment