Saturday, January 29, 2011

ഹേമന്തജാലകവിരിയ്ക്കരികിൽ

സുതാര്യമായോരതിരുകളിൽ
ജാലകവിരിയ്ക്കിടയിലൂടെ
അകത്തളത്തിലെ ഭൂമിയുടെ
ആകുലതകൾക്കൊരു
തീർപ്പുകൽപ്പനയുമായ്
പടനീക്കിയപ്പോൾ
ഉൽകൃഷ്ടതയുടെ പര്യായപദങ്ങൾ
മറന്നതാരോ
വ്യാസശിലകൾ തേടിനടന്നൊടുവിലിലഞ്ഞി
പൂക്കുന്ന മതിലകങ്ങളിലൊഴുകിയ
 കടലിനരികിൽ
മൺതിട്ടാലൊരു ചിറകെട്ടിയതാരോ
സൂചിസ്തംഭാകൃതിയിലുള്ള ദേവാലയങ്ങളിലെ
ഗൗതമബുദ്ധപ്രതിമകൾക്കരികിലിരുന്നായിരം
സ്വയം പാലിയ്ക്കാനാവാഞ്ഞ നിർവചനങ്ങൾ
ശരത്ക്കാലത്തിനേകിയതാരോ
സ്വയംനിയന്ത്രിതമല്ലാത്തൊരൂഷരകാലത്തിൽ
കരിയിലകൾക്കിടയിലേയ്ക്കിത്തിരി
കനലിട്ടതാരോ
മട്ടുപ്പാവിലിരുന്നെഴുതുന്ന കല്പനകൾക്കായി
ഋതുക്കളൊന്നും കാത്തിരിയ്ക്കാത്തതെന്തേ
മഞ്ഞു വീണുതുടങ്ങിയ മനസ്സിനരികിൽ
അരമനകൾ പണിതു കാട്ടുന്നതാരോ
അരയാൽത്തറയിൽ മഞ്ഞുതൂവുന്ന
ശിശിരകാലഗ്രാമമേ
ഹൃദയത്തിലേയ്ക്കിത്തിരി പുണ്യാഹതീർഥം
പകരുക....
ഹേമന്തജാലകവിരിയ്ക്കരികിൽ
നിന്നു കാണുന്ന ആകാശമേ
അനന്തതയിൽ വിരിയുന്ന
പൂവുകൾ സൂക്ഷിക്കുക
നക്ഷത്രമിഴികളിൽ.....

No comments:

Post a Comment