Friday, January 21, 2011

മൂടൽമഞ്ഞുപോലെ

എഴുതുന്നതെന്തിനെന്ന്
ചോദിച്ചേയ്ക്കാം
ചുറ്റുവലയങ്ങളിലെ ലോകം
കൂടാരങ്ങളിൽ കുടിപാർക്കുന്ന
ആരവങ്ങളിൽ നിന്നൊഴിഞ്ഞ്
താഴ്വാരങ്ങളുടെ ചേലാഞ്ചലത്തിൽ
വീണ മഞ്ഞുതുള്ളികൾ
വിരൽതുമ്പിലൊരു
മുത്തായി മിന്നുമ്പോൾ
എഴുതുന്നതെന്തിനെന്ന് ചോദിച്ചേയ്ക്കാം
പ്രാചീനകൽത്തൂണുകളിൽ
ശിലാരൂപമായ് മാറിയ മൗനം..
ഹേമന്തകാലപൂമരങ്ങൾ
ഭൂമിയുടെ ശിരസ്സിൽ പൂമഴതൂവുമ്പോൾ
നാലതിരുകളിൽ
പകൽക്കിനാവുകളെഴുതിയിട്ട ലോകം
ചോദിച്ചേയ്ക്കാം
എഴുതുന്നതെന്തിനെന്ന്
പ്രഞ്ജയറ്റ നിമിഷങ്ങളുടെ
ആകുലതകൾ ഘനീഭവിച്ച
ശിശിരകാലപുലരികളിൽ
എഴുതാതിരിക്കുന്നതെന്തിനോ
എഴുതുന്നതെന്തിനോ
ചുറ്റുവലയങ്ങളിലെ
ലോകമെന്തിനറിയണം...
ഋതുക്കളൊരു കവചത്തിൽ 
ഭദ്രമായി സൂക്ഷിക്കട്ടെ
നിഗൂഢതകൾ...
മൂടൽമഞ്ഞുപോലെ...

No comments:

Post a Comment