ശിശിരകാലഗ്രാമം
പാതകൾക്കിരുവശവും
ചരൽക്കല്ലു പാകിയ
കമനീയമായ ഉദ്യാനത്തിനരികിൽ
കാറ്റേറ്റിരുന്നു ശിശിരം....
ഇലച്ചില്ലകളെഴുതിയ കഥയിലിറ്റു വീണു
മഞ്ഞുതുള്ളികൾ....
കൊഴിഞ്ഞ ഇലകളിലാളിയ
തീയിൽ നിന്നുയർന്ന
അഗ്നിസ്ഫുലിംഗങ്ങൾ
വിരൽതുമ്പിലെ ശിശിരതണുപ്പാറ്റി
ഗോപുരമുകളിൽ നഗരം
ചിത്രപ്പണികളേറ്റുമ്പോൾ
ഗ്രാമം സോപാനത്തിനരികിൽ
കൽമണ്ഡപത്തിലേറ്റിയ
നവീകരണകലശക്കുടങ്ങളിൽ
തീർഥവുമായിരുന്നു
മൂടിക്കെട്ടിയ ശിശിരവാതിലുകൾക്കരികിലൂടെ
ഓടിയകന്ന ഒരോർമതെറ്റിനെ
കാലം കല്ലിലുരച്ചു മായ്ച്ചു
തീരങ്ങളിൽ നിന്നുൾവലിഞ്ഞ
ഉൾക്കടലിനരികിൽ
ചക്രവാളത്തിനരികിൽ
കാണാതായതെന്തന്നറിയാതെ
ശിശിരകാലമേഘങ്ങളലഞ്ഞു
പാതിയണഞ്ഞ വിളക്കുകളെ
സന്ധ്യ ഉൾഗൃഹങ്ങളിലേയ്ക്ക് മാറ്റി
ശരറാന്തലുമായ് വന്ന നക്ഷത്രങ്ങൾക്കരികിൽ
ഗ്രാമം തണുപ്പാറ്റാൻ കനലിട്ടിരുന്നു
നെരിപ്പോടിൽ കത്തിയ കനലിനും
ശിശിരത്തിനുമിടയിൽ
ചിറകുകൾ വിരിച്ചുയർത്തെഴുനേറ്റു
ഫീനിക്സ്......
No comments:
Post a Comment