അന്തരഗാന്ധാരശ്രുതി
ഇലപൊഴിഞ്ഞ
മരച്ചില്ലകൾക്കരികിൽ
പുൽമേടുകളിൽ,
സഹ്യനിലൂടെയിറങ്ങിയ മനസ്സുകളിൽ
കണ്ണുനീർതുള്ളിയായുറഞ്ഞുമാഞ്ഞ
ഒരു ഋതുവായി മാറി ശിശിരം...
എഴുതിയെഴുതിയവസാനിക്കാത്ത
കഥയായി വിരലുകളിൽ കൂടുകൂട്ടി
നിർഭയത്വം......
നിരാലംബരുടെ ഗദ്ഗദങ്ങളിൽ
പനിനീർ തൂവിയൊഴുകി ശിശിരമഴ
ഒരു നിമിഷത്തിൽ മുക്കിയെഴുതിയ
മഷിയിൽ ലോകം ചെറിയ
ഒരു ഭൂപടമായ് മാറി...
വരകൾക്കിടയിൽ വർണങ്ങൾ
തൂവിയുണർന്ന ചക്രവാളത്തിനരികിൽ
സരോരുഹങ്ങൾ വിടർന്ന കല്യാണിയിൽ
നിന്നുയിർക്കൊണ്ട ഭൂമിയുടെ
എഴുത്തുതാളിൽ
മൂടൽ മഞ്ഞിനരികിൽ തപസ്സിരുന്ന
മൗനമുറഞ്ഞ ശിശിരതാഴ്വരകളിൽ
മൂടുപടമിടാതെ, മുഖമറയില്ലാതെ
അന്തരഗാന്ധാരശ്രുതി തേടിയൊഴുകീ
കടൽ......
No comments:
Post a Comment