Monday, January 31, 2011

ജപമാലകൾ

കുരുക്ഷേത്രമൊഴിഞ്ഞിട്ടും
അശാന്തിയുടെ ബാക്കിപത്രമെന്നോണം
ഒരു യുഗം മുന്നിലുണരുന്നതെന്തേ?
വിഷാദയോഗത്തിലൊഴുകിയ
ഗാണ്ഡീവത്തിനരികിലുണർന്ന
ദൈവീകഗാനങ്ങൾ
സോപാനത്തിലിടക്കയിലുറങ്ങിയന്തേ
ഇനിയിപ്പോൾ
അപ്രിയമായ സത്യാന്വേഷണങ്ങളുടെ
ഗ്രന്ഥപ്പുരയടച്ചു തഴുതിടാം
ഭദ്രമായ് ഗ്രന്ഥങ്ങളിലുറങ്ങട്ടെ സത്യം
മൂടൽമഞ്ഞിനിടയിലൂടെ
നടക്കുന്നതൊരു സുഖം
ഇരുട്ടിന്റെ തീരങ്ങളിൽ
വിളക്ക് വയ്ക്കുന്ന
നക്ഷത്രങ്ങൾക്കായാരോയെഴുതിയ
വരികളിൽ ഹേമന്തമൊരുങ്ങട്ടെ
നടപ്പാതകളിൽ മഞ്ഞുതൂവുന്ന
ശിശിരത്തിനരികിൽ
വിരൽതുമ്പിൽ കൂടുകൂട്ടിയൊരക്ഷരങ്ങളുടെ 
കുരുക്കഴിച്ചൊരു തളിർമാല്യം
കെട്ടിയൊരുക്കാം
വെയിലിനരികിലെന്നും
നിഴലുമുണ്ടാവും
നിഴൽപ്പാടുകൾ മായുന്നതെന്നും
സായന്തനത്തിനരികിലാവും
മൺവിളക്കുകളിൽ
ശരത്ക്കാലവർണ്ണങ്ങളിൽ മുങ്ങി
കൃഷപക്ഷസന്ധ്യയെത്തുമ്പോൾ
മഞ്ഞുതൂവുന്ന ശിശിരം ജപമാലകളിൽ
ഭൂമിയുടെ സങ്കീർത്തനമന്ത്രത്തിനൊരു
ശ്രുതിയായി മാറും...

1 comment: