Friday, January 28, 2011

മൂടൽമഞ്ഞിനിടയിലൂടെ

കൽവരിക്കെട്ടുകളിലറ്റുപോയ
മണ്ണിഷ്ടകൾ പൊടിഞ്ഞൊഴുകിയ
മഴക്കാലവും കഴിഞ്ഞൊരു ശരത്ക്കാലത്തിൽ
തീക്കനൽവർണ്ണത്തിൽ മുങ്ങിയ മനസ്സിൽ
വിടർന്നതൊരു പാരിജാതം..
പിന്നെ ശിശിരമായിരുന്നു
ആൾപ്പാർപ്പില്ലാത്ത കുടീരങ്ങളിൽ
തപസ്സിരുന്നൊരാലിലതുമ്പിൽ
തൂങ്ങിയാടിയ മഞ്ഞുതുള്ളികളിലൂടെ
നടക്കുമ്പോൾ പുൽനാമ്പുകൾ
കാല്പദങ്ങളിലൂടെ ഭൂമിയുടെ സുഗന്ധം
ഹൃദയത്തിലേയ്ക്കൊഴുക്കി
ഹൃദയസമുദ്രത്തിനരികിൽ
മുറിവുകളിൽ ചന്ദനതൈലംപൂശി
വിഷാദയോഗത്തിനപ്പുറമുണർന്നതൊരു
സത്യാന്വേഷണയോഗം....
ഹേമന്തകാലപൂവുകൾ
വിരൽതുമ്പിലിത്തിരി സുഗന്ധം
തൂവിയുണരുമ്പോൾ
മൂടൽമഞ്ഞിനിടയിലൂടെ
മാഞ്ഞുപോകുന്നു
മുറിവുകളുടെ രുധിരചെപ്പുമായ്
വന്ന ഗ്രീഷ്മം....
വറ്റിവരണ്ടതെന്തോ
സൂര്യതാപമോ, കോപമോ
കടലോ???

No comments:

Post a Comment