Thursday, January 20, 2011

തൂമഞ്ഞിൻ പൂവുകൾ


ശിശിരശിഖരങ്ങളിൽ
കൂടുകെട്ടിയ നിമിഷങ്ങളിൽ
നിന്നടർന്നുവീണ ഒരു സ്വപ്നം
ചിറകിലൊളിപ്പിച്ച ഹിമകണങ്ങൾ
കറുകനാമ്പുകൾക്കരികിൽ
ആദ്യാക്ഷരമെഴുതിയുണരുമ്പോൾ
തകർന്നടിഞ്ഞ തീരങ്ങളിൽ
വഞ്ചി തുഴഞ്ഞുനീങ്ങി
അയൽദ്വീപിലെ അനശ്ചിതത്വം
അതിരുകളിൽ സമുദ്രസേതുവിന്റെ
സ്മാരകതുമ്പുകളിൽ
ശിലാഫലകങ്ങളിലെഴുതി
സൂക്ഷിക്കാനൊരു കാവ്യം തേടി നടന്നു
ചരിത്രം...
തീരങ്ങളിൽ നിന്നു തീരങ്ങൾ തേടി
ഹേമന്തകാലമേഘങ്ങൾ പറന്നു നീങ്ങിയ
ആകാശത്തിനരികിൽ
ഉപദ്വീപിലെ ഉദ്യാനങ്ങളിലൂടെ
നടന്ന ഭൂമിയുടെ വിരൽതുമ്പിൽ
ശിശിരം നിവേദിച്ചു
തൂമഞ്ഞിൻ പൂവുകൾ
ഹിമകണങ്ങൾ.....

No comments:

Post a Comment