Thursday, January 27, 2011

വിരൽതുമ്പിലെ ഗ്രാമം

ഒരിയ്ക്കലെങ്ങോ
വിരൽതുമ്പിൽ വിതുമ്പിയിരുന്നു
ഒരു ഗ്രാമം
നറും നിലാവിന്റെ ശിഖരങ്ങളിറുത്ത
അമാവാസിയിൽ
അറപ്പുരവാതിലിനരികിൽ
ചിന്തകളിലെയാരണ്യകത്തിനകലെ
മുദ്രവച്ച കടലാസുതുണ്ടുകളിൽ
നിന്നെത്രയോയകലെ
നന്ത്യാർവട്ടങ്ങൾ പൂക്കുന്ന
തൊടിയിലിരുന്നൊരു
പുസ്തകത്താളിലെ
എവിടേയ്ക്ക് പോകുന്നു പാതേയെന്നൊരു
കവിത ചൊല്ലിനടന്ന
കരാറുകളെഴുതിമുദ്രവയ്ക്കാനറിയാത്ത
ബാല്യകാലത്തിനരികിൽ
മഷിപ്പാടിലെ യുക്തിചിന്തപോൽ
അസത്യത്തിനിത്തിരി നിറം പൂശുന്ന
മധ്യാഹ്നസൂര്യന്റെ കനൽത്തീയിൽ
കരിയുന്നതിലകളോ, ശിശിരമോ
പുണ്യമോ???

ഹേമന്തത്തിന്റെ നടുത്തളത്തിൽ
ഉരകല്ലിലുരയുന്നത് ചന്ദനമോ
വാകയിലകളോ, നേരിയ സത്യത്തിന്റെ
പട്ടുനൂലിഴകളോ?.
ചുറ്റും മഞ്ഞുമൂടിയിരിക്കുന്നു
കാഴ്ച്ചക്കപ്പുറം ശിശിരമൊരു
ശീതകാലവസതിയിൽ
തീ കാഞ്ഞിരിക്കുന്നു...

No comments:

Post a Comment