Tuesday, January 11, 2011

മൂടൽ മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ

ഒഴുകിയൊഴുകി മാഞ്ഞ
ദിനരാത്രങ്ങളുടെ ചെപ്പിലൊളിച്ച
ഒരു കവിതയുടെ
ആദ്യാവസാനം തേടിയ
ഭൂമിയുടെ ശിരസ്സിൽ
ശിശിരം മഞ്ഞിനാലൊരു
ശിരോവസ്ത്രമിട്ടു
അംഗഭംഗം വന്ന ഒരിടവേളയുടെ
ഇടനാഴിയിൽ നിന്നടർന്നുവീണു
നിലാവിന്റെ നിഴലുകൾ
മിഴിചിമ്മിയുണർന്ന പുലർകാലങ്ങളിൽ
ഭൂമി ആൽത്തറയിലിരുന്നെഴുതി
ചുറ്റമ്പലത്തിൽ നിവേദ്യത്തിന്റെ
മധുരം നുകർന്നിരുന്നു മാർഗഴി
വാതിലുകളടച്ചു തഴുതിട്ട
ധനുമാസഗ്രാമത്തിനരികിൽ
പവിഴമല്ലിപ്പൂക്കൾ തേടിയലഞ്ഞു കാറ്റ്
പ്രഭാതമൊരു ശംഖിൽ
ശിശിരക്കുളിർതീർഥമിറ്റിക്കുമ്പോൾ
ഈറൻ ചുറ്റിയെത്തിയ ആറ്റിറമ്പിൽ
കടത്തു കടന്നകലേയ്ക്ക് പോകാൻ
വഞ്ചി കാത്തിരുന്നു ഭൂതകാലം
വർത്തമാനത്തിന്റെ
നേരിയ പരവതാനിയിൽ
യാഥാർഥ്യങ്ങൾ
മൂടൽ മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ
മുഖപടമിട്ടിരുന്നു..... 

No comments:

Post a Comment