Sunday, October 2, 2011

സ്മൃതിവിസ്മൃതികൾ
അവിടെയാൾക്കൂട്ടം
തിരക്കിലാണെരിയുമാ
കനലുകൾക്കുള്ളിലോ
പാഴ്ക്കാഴ്ച്ചവസ്തുവായ്
തിരിയുന്നവോ ലോക-
മതിനുള്ളിലെന്നുമായൊഴുകിയോരാ
നദീ തീര സംസ്ക്കാരവും....
പുകയുന്നുവോ പുലർകാലങ്ങൾ
ചുമരിലായെഴുതുന്നുവോ
പെരും നിഴലുകൾ
മെനയുന്നകഥകളിലെന്നും
നിലാപ്പൂവുകൾ പുറം കവചങ്ങളിൽ
പൊന്നു പൂശീ സൂക്ഷിക്കുന്നു..
കലശങ്ങളിൽ തീർഥമേറ്റും 
മഴക്കാറുമിടയിലെങ്ങോ
മാഞ്ഞുപോയിയിന്നീയിട
വഴിയിലായ് മങ്ങും നിഴൽശാഖകൾ 
താണ്ടിയൊരുവേള ഭൂമിയും
സ്മൃതിചിത്രമെഴുതുമാ
തകിടിലായ് മായുന്നരേഖകൾ
കണ്ടുകണ്ടറിയാതെയത്ഭുതപ്പെട്ടീവിധം
സാന്ധ്യ ഹൃദയത്തിനറകളെ
മൂടിയേക്കാം...
അവിടെയായങ്ങിങ്ങുവീഴുമാ
സ്മൃതിപടലമൊരുമഴതുള്ളിയായ്
മാഞ്ഞുപോവും നേരമരികിലായ്
കടലുമാതീരങ്ങളും ശംഖിലെഴുതിയേക്കാം
കഥയറിയാതെകണ്ടോരരങ്ങിന്റെ
വിസ്മൃതി...

No comments:

Post a Comment