Friday, October 7, 2011

മുദ്ര
നിറങ്ങളൊഴിയുമാകാശത്തിൻ
വിതാനത്തിലുറങ്ങും നക്ഷത്രങ്ങൾ
കണ്ടുനിന്നൊരാ യാത്രാവഴികൾ,
മൊഴിയൊന്നായേറ്റിവിറ്റൊരാ
ഗ്രഹമിഴികൾ,
സംവൽസരമെഴുതിതീർക്കും 
യുഗമതിന്റെ മുൾപ്പാടങ്ങൾ,
കമാനങ്ങളിൽ മാഞ്ഞ കരിപ്പാടുകൾ
ചിത്രപടങ്ങൾതൂക്കിക്കെട്ടും
തണുത്തസായാഹ്നങ്ങൾ
മിഴിപൂട്ടിയാലോകകവാടത്തിലായ്
നിൽക്കുമനേകം നൂറ്റാണ്ടുകളതിൽ
നിന്നൊഴുകിയ ചരിത്രാഖ്യാനങ്ങളും
കലഹിച്ചൊരുകളിവീടിന്റെ
താക്കോൽമുദ്രയതിലും
തുരുമ്പാർന്നകദനം, പണ്ടേ
ഗ്രാമപ്പക്ഷികളറകളിൽ
പാടിയതൊരു കാവ്യം..
എത്രനാൾകണ്ടു ശരത്ക്കാല
ഭിത്തിയിൽ രോഷഗർത്തങ്ങൾ
തീർക്കും മേഘ വൈഭവം....
പിന്നിടെത്രനാളതിൻ ചാർത്തിൽ
കോലങ്ങൾ കെട്ടി, കുലമക്ഷരപ്പിശകുകളായിരം
തീർത്തു മുന്നിൽ... 
കടഞ്ഞ മരക്കൂടിനുള്ളിലോ
നിശ്ചേഷ്ടമായുറങ്ങിക്കിടക്കുന്നു
മരണം, കൽക്കെട്ടുകളതിലോ
പടരുന്നതൊരു പുൽക്കൊടിമാത്രം
എഴുതിപകർത്തിയോരാദികാവ്യത്തിൽ
നിന്നുമുണർന്നുവരുന്നുവോ
ഋതുഭേദങ്ങൾ വീണ്ടും...

No comments:

Post a Comment