Monday, October 17, 2011


മൊഴി
എവിടെയോ മാഞ്ഞഗൃഹാതുര
ഗ്രാമത്തിനിടവേളയിൽ
മങ്ങിനിൽക്കുന്നുവോ യുഗം..
പണികഴിഞ്ഞെന്നേ 
നിഴൽപ്പാളികൾ മാഞ്ഞ
പടികളിൽ ലോകം ചുരുങ്ങിയ
മെയ്മാസവഴിയിലോ
മഴയിറ്റുവീണതും 
തന്ത്രികൾക്കിടയിലായ് 
നാദം കുരുങ്ങിക്കിടന്നതും...
ഒരുവശം മാത്രം മിനുക്കിയിടും
ചുമർപ്പലകിയിലായിരം കഥകൾ
കാണാത്തൊരാ കദനത്തിനിത്രയും
കയ്പുനീരോ?
കുടിവച്ചതൊക്കൊയും
മൺവെട്ടിയാലരിഞ്ഞരികിൽ
നിരപ്പാക്കുമാദികാവ്യത്തിന്റെ
ചിതലുകൾ തിന്നൊരാഭാഗപത്രത്തിന്റെ
ചിതയിലോ പൂത്തതീവെൺ തുമ്പകൾ...
വിരലുകൾക്കുള്ളിൽ പതിഞ്ഞ 
ശംഖിൻപാടിലൊഴുകുന്നുവോ
ക്ഷീരസാഗരം, പ്രളയത്തിലൊഴുകിയതേത്
മൺചിറ്റുകൾ; വിരലിലേയ്ക്കൊഴുകുന്നതേത്
മഹായാഗവേദങ്ങൾ
മറവിയിലേയ്ക്ക് പകർന്നെടുക്കും
ദിനപ്പൊരുളുകൾ, പകലിന്റെയൊടുവിലെ
സന്ധ്യകൾ, 
എഴുതിയതൊക്കെയും 
ഭാഗപത്രത്തിന്റെയിടയിലായ്
വീണുനിറം മങ്ങിയെങ്കിലും
വിരലുകൾക്കുള്ളിൽ നിന്നിന്നും 
ശരത്ക്കാലമൊഴുകുന്നു
വിണ്ണിന്റെധ്യാനപാത്രങ്ങളിൽ

No comments:

Post a Comment