Tuesday, October 11, 2011

മൊഴി
മഴപെയ്യുമീ
അരയാൽശിഖരഛായയിൽ
ഗ്രാമം പ്രഭാതത്തിനൊരു
സോപാനഗാനം തേടുമ്പോൾ
ഒരേതരംഗക്കൂട്ടം
ഉപഭൂഖണ്ഡത്തെയൊരു
ചില്ലുകൂടിലുടയ്ക്കുന്നു...


ഒഴുക്കിനിടയിലൊരു
ശീതികരണപ്പുരയിൽ
നിന്നൊഴുകിയോരമിതവിശ്വാസത്തിൻ
കറുപ്പാർന്നൊരുമഷിതുള്ളി
ശിരോരേഖയിലെത്തിയതിൽ
രോഷമാർന്നൊരുപുഴയാകരിമഷിതുള്ളികൾ
ഒരേതരംഗക്കൂട്ടത്തിൻ സമയദൈർഘ്യമളന്ന്
പ്രതിനിധിഗൃഹത്തിലെയോരോശിരസ്സിലേയ്ക്കും
കോരിയൊഴിക്കുന്നു...
ഓഹരികൾക്കൊരു തുലാസിന്റെ
അസന്തുലിതമാം മുഖം....

വാരണാസിയുടെ വിശുദ്ധിപത്രം 
സാക്ഷ്യം ചെയ്ത്
രഥയാത്രയ്ക്കൊരുങ്ങുന്നു
മറുവശത്തെയൊരേതരംഗം
വിരൽതുമ്പിലിറ്റിയ്ക്കും
അടയാളപ്പാടുകളന്നെടുക്കാൻ..


തരംഗങ്ങളുടെ ചരിവിലൂടെയോടും
താണ്ഡവത്തിനിടയിലോ
ഹൃദ്സ്പന്ദനലയമുലഞ്ഞതും
സത്യം വാനപ്രസ്ഥത്തിലേയ്ക്ക്
നടന്നതും......
അരക്കില്ലങ്ങൾ മെനയും
അനേകതരംഗങ്ങൾക്കിടയിൽ
തണുത്തുറയുന്നുവോ
ഉപഭൂഖണ്ഡം...



1 comment:

  1. കവിതയ്ക്ക്‌ അഭിനന്ദനങ്ങളും..സുഖമുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍

    ReplyDelete