Sunday, October 30, 2011

മൊഴി


അകലെയാണാകാശമെങ്കിലുമീ
ശരത്ക്കുളിരിൽ പ്രഭാതം തുടുക്കുന്നു
പുണ്യാഹമഴയതോ തീർഥക്കുളങ്ങൾ 
നിറയ്ക്കുന്നു...


അരികിലാണാദിദൈന്യങ്ങളാണിതുമ്പിലെഴുതി
മുറിപ്പെടുത്തുന്നതീ ഭൂമിയെ;
ഇവിടെ വാനപ്രസ്ഥമേറിയസത്യത്തിനരികിൽ
തപം ചെയ്കയാണെന്റെ കാവ്യവും.


കുളിരുതൂവിപുലർകാലങ്ങളെന്നിലേയ്ക്കൊഴുകുന്നു
ശംഖിലോ നിറയുന്നു കടലുമീ,തണൽ മേഞ്ഞ
വഴിയിലെ പാരിജാതങ്ങളിൽ
മറയുന്നു മങ്ങിയോരോർമ്മകളായിരം.


നിരതെറ്റിയോടും ജനം തീർപ്പിലേറ്റിയോരെരിയുന്ന
ഹോമപാത്രങ്ങൾ പുകയ്ക്കുന്ന കുടിലുകൾ
ചിമ്മിനി ചില്ലുകൾക്കുള്ളിലെ
കവിതയായ് കണ്ണീരുതൂവിമയങ്ങുന്നു..


അകലെയാണാകാശമെങ്കിലുമീശുഭ്രഹൃദയമേറ്റും
മൊഴിപ്പൂവുകൾക്കുള്ളിലായ്
നിറയും സ്വരങ്ങൾ തന്നാദിമന്ത്രങ്ങളെ
പ്രണവത്തിനുള്ളിലൊഴുക്കട്ടെ ഞാൻ...

No comments:

Post a Comment