Monday, October 10, 2011

അതിരുകളുടെ ചുറ്റുവലയം

ഒരു ദിക്കിൽ
അതിരുകളുടെ ചുറ്റുവലയം,
ചിലമ്പിൽ നിന്നടരും
വെള്ളോടുമണികൾ,
ഗസൽ നാദം മാഞ്ഞ ഒക്ടോബർ...
മറുവശത്ത് 
കടുത്ത ലോഹക്കെട്ടുകളിൽ
പുറത്തേയ്ക്കൊഴുക്കും
തുലാസിന്റെയൊരുവശഭാരം...
കാനോയിലെ വീഥിയിൽ
വിപ്ലവമോ, നിരുത്തരപരമാമൊരു
പകയോ പുകയുന്നു..
തകർന്ന ശാന്തിപീഠങ്ങളിൽ,
തകർക്കപ്പെട്ട ഛായാപടങ്ങളിൽ
ദർപ്പണത്തിലെന്നപോൽ കാണും
അഹം എന്നെഴുതിയ
അനേകമാം മുഖപടങ്ങൾ...
മധ്യധരണ്യാഴിയിൽ,
ഭൂഖണ്ഡങ്ങൾക്കിടയിൽ
അവശേഷിക്കുന്നതെന്ത്??
സിന്ധുനദിയ്ക്കരികിലെ
സന്ധ്യയുമിന്നു കാണുന്നു
ഉലവച്ചുമിപ്പുകയിലുലച്ച
ഉപഭൂഖണ്ഡത്തെ..
അതിനിയിലൂടെ 
ഗിരിശൃംഗത്തിലെ മഹാപീഠത്തിലേയ്ക്ക്
ജയമന്ത്രങ്ങൾ ചൊല്ലി
സമതലങ്ങൾ മനസ്സിലൊളിപ്പിച്ച്
നടന്നുനീങ്ങുന്നുവോ
ഉള്ളിൽ മാറാല മൂടിയ
അഹം എന്ന മിനുപ്പാർന്ന
പട്ടുചുറ്റിയ സാക്ഷാത്ക്കാരം....

No comments:

Post a Comment