Monday, October 10, 2011

മുദ്ര
സമവാക്യങ്ങൾ തെറ്റിയ
ചക്രവാളത്തിനരികിൽ
മഴയുതിരുമ്പോൾ
മിഴിപൂട്ടിയിരുന്നു സന്ധ്യ...
പറന്നുപോവും പക്ഷികളുടെ 
ചിറകുകൾക്കുള്ളിൽ
കരിപുരണ്ട കൈയാലൊരു മുദ്രയിട്ടു
കാർമേഘാവൃതമാം
അസ്തമയസൂര്യൻ..
പാരിജാതസുഗന്ധമോലും
ജപമണ്ഡപത്തിൽ
വരിതെറ്റിചൊല്ലിയ
സഹസ്രനാമം പോലെ
ദിനങ്ങളന്യോന്യം കലഹിച്ചു...
ചകോരങ്ങളുടെ ചിറകിലെ
ശരത്ക്കാലവർണം തേടി
ഭൂമി നടന്നപ്പോഴും
ഒരു പളുങ്കുമണിപോലെ
മഴതുള്ളികളൊഴുകിയപ്പോഴും
നിഴൽ നെയെതെടുത്തു
നിഴൽക്കൂടുകൾ..
തേഞ്ഞുമാഞ്ഞൊരോലതുമ്പിൽ
നാരായത്തിൻ മുനയേറ്റിയെന്നും
കാലത്തിനു വേദനിപ്പിക്കാനാവുമോ
വിദ്യയുടെ
അവിഘ്നമായൊരക്ഷരപൂവുകളെ..

No comments:

Post a Comment