Saturday, October 8, 2011

ഗോകർണ സന്ധ്യ






അരികിലിന്നീപകൽതരിയിൽ തുലാ-
വർഷമഴയൊഴുകുന്നതീസാഗരത്തിൽ
കടവിൽനിന്നേറിയോരീറനുടുപ്പാർന്ന
കദനവും മാഞ്ഞൊരീകൽപ്പടവിൽ
ഇതളിലാമ്പൽപ്പൂക്കളൊരുമഴക്കവിതയിൽ
സ്വരമിട്ടുവീണ്ടും വരുന്നരികിൽ
ചരിവിന്റെചക്രവാളത്തിലായ്
പകലുകളെഴുതിയതേതു
വിലാപകാവ്യം?
അരികിലായ് യാത്രയിലാരോ
മറന്നിട്ട പഴുതുകൾ, പായ്മരചിറകിൽ
മറഞ്ഞ മഹായാനചിന്തകൾ
വലയങ്ങളിൽ വിലങ്ങേറ്റിയോരുന്മത്ത
ചലനങ്ങളിൽ വീണുടഞ്ഞതാം
കൂടുകൾ..
പഴയതെല്ലാം ശിരോചുമടിൽ
പെരുക്കുന്ന പുതിയഭാരങ്ങളും
പാതയോരങ്ങളും
എവിടെയോ മെല്ലെ സ്വരം 
തെറ്റിയോരതിർവഴിയിലോ
പൂത്തതീചെമ്പകങ്ങൾ?
കറുകതൊട്ടാദിബോധത്തിന്റെയഗ്നിയെ
കുരുതിയ്ക്കൊരുക്കുമഥർവവേദം 
തേടിയൊഴുകും നിഷാദവൈരുദ്ധ്യവും
മിഴിയിലെ കടലിലുറഞ്ഞ 
പൂർവാഹ്ന പ്രകാശവും
ചതുരക്കളങ്ങളിൽ തുണ്ടുതുണ്ടായ്കീറിയതിരിട്ട
ഭൂപത്രരേഖാതലങ്ങളിൽ
പടനയിച്ചോരവതേരുകൾക്കുള്ളിലായ്
പരിചയും വാളുമൊളിച്ചുസൂക്ഷിക്കുന്നു
കുലമതുമിതുതന്നെ മനസ്സിലെയുണ്മയിൽ
അരിമാവുതൂവുന്നൊരറിവിൻ മഹാബോധ
ഗിരിശൃംഗമതുതന്നെയെന്നും 
മഹാപുരാകഥനങ്ങൾ ചെയ്തോരു
രാജസിംഹാസനം..
ഉറയും ധ്രുവങ്ങൾക്കുമപ്പുറം
ഭൂവർണമൊഴുകിയോരേപ്രിലിൻ
മന്ദസ്മിതം മായ്ച്ച 
നിഴലുകളിന്നു നിസംഗമെന്നാകിലും
മലയേറിയീകടൽച്ചരിവിലായ്
കാണുന്നതറിവിന്റെയാദ്യയോങ്കാരാക്ഷരം
ഒഴുകുന്നശംഖുകൾ ഗോകർണ്യസന്ധ്യയിൽ
എഴുതുന്നു കടലിന്റെസ്വരലയങ്ങൾ.....



No comments:

Post a Comment