Friday, October 7, 2011

മഴപ്പാടുകൾ

ഒരിയ്ക്കലെങ്ങോ
ചിത്രതേരുകൾ തെളിച്ചോട്ടുമണികൾ
മുഴക്കിയങ്ങോടിയ പ്രഭാവങ്ങൾ
തിരിയും തിരികല്ലിനിടയ്ക്കായ്
മൺചിറ്റുകളുടച്ചൂ ഭൂപാളങ്ങളതിൽ
നിന്നുയിർകൊണ്ടു...
ഒരുനാളിതേപോലെയശ്വിനക്കൂറിൽ 
മഴയിടയ്ക്ക്പെയ്യും 
പൂർവാഹ്നത്തിന്റെ ശിരസ്സിലായ്
തണുപ്പാർന്നൊരു പൂവുവീണു-
പോയതിന്നിതൾചുരുളിൽ
സ്വരം തേടിനടന്നു ശരത്ക്കാലം
ഇടനാഴിയിൽ യന്ത്രസ്വരങ്ങളൊരുക്കിയ
മഹായോദ്ധാക്കളന്ത്യയാത്രയിൽ
വ്യസനത്തെയൊരുമിച്ചെന്ത്രപ്പാടാൽ മറച്ചു
വെൺപൂവുകളവർക്കുമീതെതൂവിനടന്നു കാലം..
കർമ്മകാണ്ഡത്തിൽ
പ്രളയാന്ത്യചിന്തകൾക്കുള്ളിൽ
ചന്ദനം തേടി ഭൂമി നടന്നു,
കടൽതീര മണ്ണിലോ
ശംഖിന്നുള്ളിൽ കടലുമുറങ്ങിപ്പോയ്
തളിരിട്ടൊരു തത്വബോധമായ്
തഥാഗതനൊടുവിൽ
മഹാബോധിസമാധിസ്ഥനായ്
നീണ്ട വഴിയിലൊഴുകിയതശ്വത്വനിഴൽ മാത്രം
ഇടയിൽ കൽക്കെട്ടുകൾ ചാന്തിട്ടു,
ചിന്തേരിട്ടു പണിതു കുലം
സമാധിസ്ഥർക്കായുറങ്ങുവാൻ..
ഉണരും പൂക്കാലത്തിനിടയിൽ
തണുപ്പാർന്ന മഴപ്പാടുകൾക്കുള്ളിൽ
കണ്ടതോ ലോകം
നേർത്തസ്വരങ്ങൾക്കുള്ളിൽ
നിന്നുമുണർന്ന ഭൂപദ്മങ്ങൾ..
അരികിലുറങ്ങുന്നു യാത്രയായവർ
വാതിൽപ്പടിയിലുടക്കുന്നു
കാവലാളുകൾ; നേർത്തൊരിടവേളയിൽ
നിന്നു മാഞ്ഞുപോവുന്നു ദിന,മതിലോ
വർത്തമാനകാലമുദ്രകൾ
കളമെഴുതിതൂത്തോരലയൊലികൾ
മണതിട്ടിലെഴുതിപ്പെരുപ്പിച്ച
നിഴൽപ്പൊട്ടുകൾ
പകലിടവേളയിൽ മഴപെയ്തുതോരുന്നു
സ്മൃതിയതിലോ 
വിസ്മൃതിതന്നാദിപർവങ്ങൾ....



No comments:

Post a Comment