Thursday, October 6, 2011

മൊഴി
ഇടവേളകൾ മാഞ്ഞുപോവുന്നു
ദീപാന്വിതമിവിടെ പൂർവാഹ്നങ്ങൾ,
ശുഭരാഗങ്ങൾ; 
മുത്തുമണികൾക്കുള്ളിൽ 
മഴയൊഴുകുന്നിടയ്ക്കിടെ..
നനവാർന്നൊരു
മണ്ണീലീറനാർന്നരികിലായ്
കനകാംബരപൂക്കൾ
മാല്യങ്ങൾ കോർത്തീടുന്നു
തുടക്കമെഴുതിയോരക്ഷരചാർത്തിൽ
തങ്കതകിടിൽ നിർനിമേഷം
നിൽക്കുന്നു പുലർകാലം..
കടുക്കും കൽസ്തൂപങ്ങക്കരികിൽ
ശിലാലേഖഫലകങ്ങളിൽ
വീണുമയങ്ങും പുരാണങ്ങൾ,
തിരിയും ചക്രങ്ങൾ പോലൊഴുകും
ഗ്രഹപ്പാടിലുടക്കിക്കിടക്കുമാ
കുലമൂലങ്ങൾ, നാദമൊരിക്കൽ
മുഴങ്ങിയ തന്ത്രികൾ മരക്കൂടിൽ
മയക്കം മറന്നൊരു
സൗപർണികാമൂലത്തിൽ
തിടുക്കപ്പെട്ടേറുന്നതേതു
കാൽചിലമ്പൊലി..
രഥത്തിൽ നിന്നും 
രാജകുലശൃംഗത്തിൽ
നിന്നുമിറങ്ങിനടന്നൊരു
ബുദ്ധയോഗത്തിൻ 
വ്യക്തവസനങ്ങളിൽ
കാവിപൂശുമാ സായാഹ്നത്തിൽ
ഇടയ്ക്ക മറന്നുവോ
സോപാനമന്ത്രങ്ങളെ
ചുരുങ്ങും രേഖാന്വിതമണ്ഡലങ്ങളായ്
ലോകമളന്നുമുറിക്കുന്ന
ചുരികതുമ്പിൽ; ചുറ്റുവളയങ്ങളെ
കടന്നോർമ്മകൾ മറന്നൊരു
ശിലയിൽ തപമാർന്നങ്ങരിക്കുന്നുവോ
സത്യം....



No comments:

Post a Comment