Saturday, October 29, 2011

സ്മൃതിവിസ്മൃതികൾ
ഒരിയ്ക്കലോർത്തു
നൗകയേറിയാകടലിന്റിയൊടുവിൽ
ചക്രവാളത്തുരുത്തിൽ മറയുവാൻ
അരികിൽ യാത്രാവഞ്ചിമുക്കിയ
കാലത്തിന്റെയിടനാഴിയിൽ
ഘടികാരങ്ങൾ ശബ്ദിക്കുന്നു
ഒരിയ്ക്കലോർത്തു മൊഴിയൊതുക്കി
ഋതുക്കളെപതുക്കെയുറക്കുന്ന
പർണശാലയിലേറി 
മറയാൻ; പക്ഷെ നിഴൽപ്പാടുകൾ
കുരുക്കിട്ടുവലിച്ചു ഭൂപാളങ്ങളുടഞ്ഞു
സ്വരങ്ങളായ് ചിതറി മുന്നിൽ 
വീണ്ടുമെഴുതും നേരം വിരൽതുമ്പിൽ
നിന്നൊഴുകുന്ന കടലും
മറന്നാദിമന്ത്രങ്ങൾ
പിന്നോട്ടോടും യുഗങ്ങൾക്കുള്ളിൽ
നേർത്തുമരിച്ചു ദൈന്യങ്ങളും
കുടിയേറിയ മഷിപ്പാടുകൾ തൂവും 
കുലപ്പെരുമയ്ക്കരികിലോ
കൃഷ്ണപക്ഷങ്ങൾ പാടി..
ഒരിയ്ക്കലോർത്തു
പിന്നോട്ടോടുവാൻ പക്ഷെ
ചുമരരികിൽ നിന്നു വിധി
തടഞ്ഞു; നിമിഷങ്ങളതിലോ
വീണുമാഞ്ഞു വിധിരേഖകളെന്റെ
ഹൃദയത്തിലോ വീണ്ടുമുണർന്നു
ശരത്ക്കാലം.....

No comments:

Post a Comment