Friday, October 28, 2011


സ്മൃതി
കണ്ടതെല്ലാം വരിക്കല്ലുകൾ
തെറ്റിയോരിന്ത്യതൻ ഭാരപ്പുതപ്പുകൾ
നേർതെറ്റിയെന്നോ മരിച്ച
പുഴയ്ക്കപ്പുറം പൂത്ത
ചെമ്പകങ്ങൾക്കും നിറം 
മങ്ങിയെങ്കിലും
ഉള്ളിലെ നക്ഷത്രദീപങ്ങളിൽ
പൂത്തതെന്നോമറന്നൊരീ
ഭൂരാഗമാലിക..
കാലമെന്നേ തിരികല്ലിൽ പൊടിച്ചോരു
സ്നേഹമോ മങ്ങി കറുപ്പായി മാഞ്ഞുപോയ്
ലോകം ത്രിശൂലത്തിലേറ്റിയോരാകാശ
വാതിലിൽ നിന്നുമുണർന്നു
സ്വരങ്ങളും..
ഏതോ സ്മൃതിയ്ക്കപ്പുറം പൂത്ത
വിസ്മൃതഛായയിൽ വീണുതകർന്നു 
തടാകങ്ങൾ
എങ്കിലുമീശരത്ക്കാലമേറ്റും
സ്വർണവർണമോ വീണ്ടും
വിരൽതുമ്പിലിറ്റുന്നു
ഒരോ സ്വരത്തിലും വീണ്ടുമനുസ്വര
പൂവുകളായ് പകൽ വീണ്ടുമുണരുന്നു...
കണ്ടതെല്ലാം വരിക്കല്ലുകൾ
തെറ്റിയോരിന്ത്യതൻശ്വാസനിശ്വാസതുടിപ്പുകൾ
കണ്ടതെല്ലാം നിരതെറ്റിയോടും 
സ്മൃതിചിന്തിൽ തകർന്നലോകത്തിന്റെ
ദൈന്യങ്ങൾ...



No comments:

Post a Comment