Tuesday, October 4, 2011

പ്രദക്ഷിണവഴിയിൽ
അപരാഹ്നത്തിൽ കണ്ടൂ
ആലിലയനക്കങ്ങൾ
മഴതുള്ളികൾവീണു കുളിർന്ന
മൺചെപ്പുകൾ...
കുടിലൊരുദൈന്യമെഴുതും
റാന്തൽ വിളക്കതിലോ
കരിപൂണ്ടകദനം, 
നേരക്ഷരമതുമക്ഷയഖനിയതിലോ
വിടരുന്നതായിരം 
യുഗങ്ങളെയളക്കാനാവുമാദി
കാവ്യത്തിനാദ്യക്ഷരം...
ഉറക്കമുണർന്നുവന്നെതിരേൽക്കുമാ
പൂർവപുലരിതുടുപ്പിന്റെ
പുണ്യാഹതീർഥം..
വിരലതിലോ സ്വർണം കെട്ടും
വിദ്യതൻ മഹാരംഭം
ഇലയിതളിൽ മാലയത്തിൻ
സുഗന്ധം, പ്രദക്ഷിണവഴിയിൽ
ഗ്രഹക്കൂടിൻ തടസ്സം
പുൽതുമ്പിന്റെമിഴിയിൽ
പ്രാലേയത്തിൻ മാഞ്ഞുപോം
നിലാപ്പൂക്കൾ..
എഴുതും നേരം വിലങ്ങരികിൽ
കിലുങ്ങുന്ന മുഴക്കം
കുടിപാർത്തൊരവസ്ഥാപത്രങ്ങൾ
തന്നാരുഢകൽശാലകൾ
ഇവിടെയൊരുദേവമണ്ഡപത്തിലായ്
ദീപമൊരുക്കും സ്വരങ്ങളേ
പാടുക വീണ്ടും വീണ്ടും
ഇടയ്ക്കയൊരു ശ്രുതിയിടുന്നു
ഹൃദ്പന്ദനമതിലായൊഴുകുന്ന
പദ്മരാഗങ്ങൾ തേടിയിനിയും
പൂർവാഹ്നങ്ങളക്ഷരമെഴുതട്ടെ....

No comments:

Post a Comment